അഴീക്കൽ ബോട്ട് ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് പതിനായിരം രൂപ അടിയന്തര സഹായം

കൊല്ലം അഴീക്കൽ ബോട്ട് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പതിനായിരം രൂപ അടിയന്തര സഹായം പ്രഖ്യാപിച്ച് സർക്കാർ. സംഭവസ്ഥലം സന്ദർശിച്ച മന്ത്രി സജി ചെറിയാനാണ് ഇക്കാര്യം അറിയിച്ചത്. പരുക്കേറ്റവർക്ക് 5000 രൂപയും അടിയന്തര സഹായം നൽകും. ഇവരുടെ ചികിത്സയും സൗജന്യമായിരിക്കും.

കൂടുതൽ സഹായങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. വള്ളത്തിന്റെ നഷ്ടം പരിഹരിക്കാനും നടപടി സ്വീകരിക്കും. വലിയഴീക്കൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ഓംകാര എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. 16 പേരാണ് വള്ളത്തിലുണ്ടായിരുന്നത്. ഇതിൽ 12 പേരെ രക്ഷപ്പെടുത്തി

സുനിൽ ദത്ത്, സുമദേവൻ, തങ്കപ്പൻ, ശ്രീകുമാർ എന്നിവരാണ് മരിച്ചത്. അഴീക്കലിൽ നിന്ന് ഏകദേശം ഒരു നോട്ടിക്കൽ മൈൽ ദൂരത്ത് വെച്ചായിരുന്നു അപകടം. ശക്തമായ തിരമാലയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു.