പി എസ് സി റാങ്ക് പട്ടികകൾ നീട്ടാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

മറ്റന്നാൾ കാലാവധി അവസാനിക്കുന്ന പി എസ് സി റാങ്ക് പട്ടികകൾ നീട്ടാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് കാലമായിട്ടും ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ കാലതാമസമുണ്ടായിട്ടില്ല. മൂന്ന് വർഷത്തെ കാലാവധി കഴിഞ്ഞ പട്ടികയാണ് റദ്ദാക്കുന്നത്. ഇതിൽ കൂടുതൽ റാങ്ക് ലിസ്റ്റ് നീട്ടണമെങ്കിൽ പ്രത്യേക നിബന്ധനകളുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു

റാങ്ക് പട്ടികകൾ നീട്ടണമെന്ന അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ വിധി നിയമപരമായ വിഷയമാണ്. റാങ്ക് പട്ടികയിലെ എല്ലാവരെയും എടുക്കണമെന്ന വാദം ശരിയല്ല. നിയമനം പരമാവധി നടത്തുകയാണ് സർക്കാരിന്റെ നയം. പ്രതിപക്ഷത്തിന്റേത് പി എസ് സിയുടെ യശ്ശസ് ഇടിച്ചുതാഴ്ത്തുന്ന നിലപാടാണെന്നും മുഖ്യമന്ത്രി പറഞ്ഞു

അതേസമയം പി എസ് സി റാങ്ക് പട്ടിക നീട്ടണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.