കോഴിക്കോട് ട്രെയിനിൽ കടത്തുകയായിരുന്ന 36 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. ആർ പി എഫ് പരിശോധനയിലാണ് കുഴൽപ്പണം കണ്ടെത്തിയത്. രാജസ്ഥാൻ സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
500, 2000 രൂപയുടെ കറൻസികളാണ് ആർ പി എഫ് പിടികൂടിയത്. മംഗലാപുരം-ചെന്നൈ എക്‌സ്പ്രസിലെ പരിശോധനക്കിടെയാണ് എസ് 8 കോച്ചിൽ സഞ്ചരിക്കുകയായിരുന്ന രാജസ്ഥാൻ സ്വദേശിയിൽ നിന്ന് പണം കണ്ടെത്തിയത്.
മംഗലാപുരത്ത് നിന്ന് കോഴിക്കോടേക്കാണ് പണം എത്തിച്ചത്. പാളയത്ത് എത്തിച്ചാൽ ബാഗ് കൈപ്പറ്റാൻ ഒരാൾ വരുമെന്നാണ് തന്നോട് പറഞ്ഞതെന്ന് കസ്റ്റഡിയിലുള്ള ബബൂത്ത് സിംഗ് മൊഴി നൽകി. തനിക്ക് 3000 രൂപ പ്രതിഫലം ലഭിക്കുമെന്നും ഇയാൾ പറഞ്ഞു. പണം തന്നുവിട്ട ആളെ കുറിച്ച് അറിയില്ല. നേരത്തെയും ട്രെയിൻ വഴി പണം കടത്തിയിട്ടുണ്ടെന്നും ഇയാൾ പറഞ്ഞു.