മലയാളികളെ നാടൻ പാട്ടിലൂടെ വിസ്മയിപ്പിച്ച മലപ്പുറം ആലങ്കോട് സ്വദേശി ജിതേഷ് കക്കിടിപ്പുറം അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തിന് ചികിൽസ തേടുന്ന ജിതേഷിനെ വീട്ടിൽ മരിച്ച നിലയിൽ കാണുകയായിരുന്നു.
നാടന്‍പാട്ട് വേദികളിലും കലോത്സവങ്ങളിലും ഗാനമേളകളിലും ഇന്നും നിറഞ്ഞു നിൽക്കുന്ന കൈതോല പായ വിരിച്ച്.. എന്ന ഈ ഒറ്റ ഗാനം മതി ജിതേഷ് കക്കിടിപ്പുറത്തെ അടയാളപ്പെടുത്താൻ. മലപ്പുറം ജില്ലയിലെ ആലങ്കോടാണ് സ്വദേശം. പെയിന്റിങ് തൊഴിലാളിയായിരുന്ന ജിതേഷ് കൈതോല, പാലം നല്ല നടപ്പാലം, വാനിന്‍ ചോട്ടിലെ തുടങ്ങി 600ഓളം പാട്ടുകളെഴുതിയിട്ടുണ്ട്.
കേരളോത്സവ മത്സര വേദികളില്‍ നല്ല നടന്‍, നല്ല എഴുത്തുകാരന്‍, നല്ല കഥാപ്രസംഗികന്‍, മിമിക്രിക്കാരന്‍ എന്ന നിലയിലും ജിതേഷ് തന്നിലെ കലാകാരനെ അടയാളപ്പെടുത്തി. പാട്ടെഴുത്തിനോടൊപ്പം കുട്ടികള്‍ക്ക് വേണ്ടി ലളിത ഗാനങ്ങള്‍, ഏകാങ്ക നാടകങ്ങള്‍, പാട്ട് പഠിപ്പിക്കല്‍, ഉടുക്ക് കൊട്ട് പാട്ട് തുടങ്ങിയ മേഖലയിലും സജീവ സാന്നിദ്ധ്യമായിരുന്നു. ആതിര മുത്തൻ എന്ന നാടൻപാട്ട് ട്രൂപ്പിലൂടെയും മാന്ത്രിക സ്പർശമുള്ള ഒരു പിടി പാട്ടുകളിലൂടെയും മലയാളികളുടെ മനംകവർനാണ് ജിതേഷ് യാത്ര പറയുന്നത്.