തിരുവനന്തപുരം ആറ്റിങ്ങലിൽ നടുറോഡിൽ യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച യുവതി അറസ്റ്റിൽ. പനവൂർ അജിത്ത് ഭവനിൽ ലക്ഷ്മി(26)യാണ് അറസ്റ്റിലായത്. മംഗലപുരം സ്വദേശി നിധീഷിനാണ് കുത്തേറ്റത്. ചികിത്സയിൽ കഴിയുന്ന ഇയാൾ അപകടനില തരണം ചെയ്തിട്ടുണ്ട്.
ഞായറാഴ്ച ഉച്ചയ്ക്ക് കോരാണി ജംഗ്ഷന് സമീപത്ത് വെച്ചാണ് സംഭവം നടന്നത്. ലക്ഷ്മിയുടെ ഭർത്താവും സ്ഥലത്തുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ രണ്ടര വയസ്സുള്ള കുട്ടിയുമായി അജീഷ് രക്ഷപ്പെടുകയും ചെയ്തു. ഇയാൾ പോലീസ് കസ്റ്റഡിയിലായതായും റിപ്പോർട്ടുകളുണ്ട്
വാളിക്കോട് ജനസവേന കേന്ദ്രത്തിലെ ജീവനക്കാരനാണ് നിധീഷ്. ഇയാളുമായി ലക്ഷ്മി സൗഹൃദത്തിലാകുകയായിരുന്നു. അജീഷ് ഇതറിഞ്ഞതോടെ കുടുംബകലഹവും ഉടലെടുത്തു. ഇത് പോലീസിൽ പരാതിയാകുകയും ചെയ്തിരുന്നു. രണ്ട് ദിവസം മുമ്പ് ലക്ഷ്മി ആത്മഹത്യാശ്രമം നടത്തുകയും ചെയ്തു
ഞായറാഴ്ച രാവിലെ ഭർത്താവിനും കുട്ടിക്കുമൊപ്പം കോരാണിയിലെത്തിയ ലക്ഷ്മി നിധീഷിനെ വിളിച്ചു വരുത്തുകയും കുത്തിപ്പരുക്കേൽപ്പിക്കുകയുമായിരുന്നു. അജീഷിന്റെ നിർബന്ധത്തെ തുടർന്നാണ് ലക്ഷ്മി കൃത്യം നടത്തിയതെന്ന് സംശയിക്കുന്നു.