കൊറോണ വൈറസ് കണക്കുകള്‍ വീണ്ടും ഇന്ത്യയിലും ലോകമെമ്പാടും അതിവേഗം കുതിച്ചുയരുകയാണ്. ആഗോള മരണങ്ങള്‍ 3 ദശലക്ഷം കടന്നതൊടെ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ആശങ്കകള്‍ തലപൊക്കിയിരിക്കുകയാണ്. ഈ ഘട്ടത്തില്‍, ആരോഗ്യ വിദഗ്ധര്‍ വിശ്വസിക്കുന്നത് വൈറല്‍ അണുബാധയ്ക്ക് പോസിറ്റീവ് പരീക്ഷിക്കാതെ തന്നെ ഇതിനകം പലര്‍ക്കും ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ വൈറസ് ബാധിച്ചിരിക്കാം എന്നാണ്. കോവിഡ് 19 യഥാര്‍ത്ഥത്തില്‍ ഒരു പകര്‍ച്ചവ്യാധിയായി മാറുന്നതിന് മുമ്പ് തന്നെ പലരും രോഗബാധിതരായിരിക്കാം എന്ന് ഇവര്‍ അനുമാനിക്കുന്നു.
അസാധാരണമായ ലക്ഷണങ്ങളും കഠിനമായ സങ്കീര്‍ണതകളുമൊക്കെയായി, അണുബാധ കൂടുതല്‍ വേഗത്തില്‍ പടരുമ്പോള്‍, വൈറസ് വ്യാപനത്തിന്റെ ഏറ്റവും ഉയര്‍ന്ന സമയത്ത് അതായത് കഴിഞ്ഞ വര്‍ഷത്തില്‍ ധാരാളം കേസുകള്‍ ലക്ഷണങ്ങളില്ലാത്തവയായി വന്നിട്ടുണ്ടാകാം. നിങ്ങള്‍ മുന്‍പ് അസാധാരണമാംവിധം ജലദോഷം അനുഭവിച്ചിട്ടുണ്ടെങ്കിലോ അല്ലെങ്കില്‍ നിരന്തരമായ ക്ഷീണവും ശരീരവേദനയും ഉണ്ടായിരുന്നെങ്കിലോ അത് ചിലപ്പോള്‍ കോവിഡ് ലക്ഷണങ്ങളായിരിക്കാം. ഈ ആളുകള്‍ക്ക് വൈറസിനെതിരെ സ്വാഭാവിക പ്രതിരോധശേഷി വര്‍ദ്ധിപ്പിച്ചിട്ടുണ്ടാവുമെന്നും ആരോഗ്യ വിദഗ്ധര്‍ കണക്കാക്കുന്നു. അറിയാതെ തന്നെ നിങ്ങള്‍ക്ക് ഇതിനകം കോവിഡ് ഉണ്ടായിരുന്നുവെന്ന് സൂചിപ്പിക്കുന്ന ചില ലക്ഷണങ്ങളുണ്ട്. ഈ ലക്ഷണങ്ങളില്‍ ചിലത് കോവിഡിന്റെ ആദ്യ വരവിനും മുമ്പ് പലരിലും ഉണ്ടായിരിക്കാമെന്നും ഡോക്ടര്‍മാര്‍ വിശ്വസിക്കുന്നു. അത്തരം ലക്ഷണങ്ങള്‍ നോക്കാം.
കണ്ണിന് ചുവപ്പ് നിറം
സാധാരണയായി പല വൈറല്‍ അണുബാധകളിലും കാണപ്പെടുന്നതാണ് കണ്ണുകളില്‍ ചുവപ്പും കണ്‍ജങ്ക്റ്റിവിറ്റിസും. എന്നാല്‍ കോവിഡ് 19 കേസുകളില്‍ മറ്റ് ലക്ഷണങ്ങളില്‍ നിന്ന് വ്യത്യസ്തമായി രോഗികളുടെ കണ്ണുകള്‍ ചുവന്നതായി കാണുന്നുവെന്നത് ഇപ്പോള്‍ ആശങ്ക ഉയര്‍ത്തുന്നുണ്ട്. കണ്ണിന് ചുവപ്പ് കലരുന്നത് ചിലപ്പോള്‍ മറ്റ് വൈറല്‍ അണുബാധകളുമാകാം. എന്നിരുന്നാലും കോവിഡിന്റെ കാര്യത്തില്‍, പനി അല്ലെങ്കില്‍ തലവേദന ഉള്‍പ്പെടെയുള്ള മറ്റ് അടയാളങ്ങള്‍ക്കൊപ്പം നേത്ര അണുബാധ സംഭവിക്കാം. അതിനാല്‍, നിങ്ങള്‍ക്ക് പനി ബാധിച്ച് നേത്ര അണുബാധയോ കണ്ണുകളില്‍ ചുവപ്പോ അനുഭവപ്പെടുന്നുണ്ടെങ്കില്‍ കോവിഡ് പരിശോധനയ്ക്ക് വിധേയമാവുക.
ഓര്‍മ്മ തകരാര്‍
കോവിഡ് ബാധിച്ചാല്‍ നിങ്ങളുടെ തലച്ചോറിലും പ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നു. ഓര്‍മ്മ നഷ്ടപ്പെടുന്നതും പതിവ് ജോലികള്‍ ചെയ്യുന്നതില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നതായും ചിലര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആശയക്കുഴപ്പം, അസന്തുലിതാവസ്ഥ, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് അല്ലെങ്കില്‍ കാര്യങ്ങള്‍ ഓര്‍മിക്കുന്നതില്‍ ബുദ്ധിമുട്ട് എന്നിവ കോവിഡ് ലക്ഷണങ്ങളായി പരിഗണിക്കാം. ഇത് എല്ലാവര്‍ക്കുമായി വ്യത്യസ്തമായിരിക്കാം, എങ്കിലും സംശയം തോന്നിയാല്‍ പരിശോധിക്കേണ്ടതാണ്.
അസാധാരണമായ ചുമ
കൊറോണ വൈറസ് അണുബാധയുടെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് ചുമ. ഈ വൈറസ് പ്രാഥമികമായി ശ്വാസകോശത്തെയാണ് ആക്രമിക്കുന്നതെന്ന് ഇതിനകം മനസിലായിട്ടുണ്ട്. ഒരു ‘വരണ്ട’ ചുമ ആളുകളില്‍ സാധാരണമാണെങ്കിലും, അണുബാധയെത്തുടര്‍ന്ന് അനുഭവപ്പെടുന്ന ചുമ സാധാരണഗതിയില്‍ ഉള്ളതിനേക്കാള്‍ വ്യത്യസ്തമായിരിക്കാമെന്ന് കോവിഡിനെ അതിജീവിച്ചവര്‍ പറയുന്നു. ചുമയ്ക്കുമ്പോള്‍ കൂടുതല്‍ നേരം നീണ്ടുനില്‍ക്കുക, ശബ്ദത്തില്‍ മാറ്റം, നിയന്ത്രിക്കാന്‍ പ്രയാസം എന്നിവ അനുഭവപ്പെടാം. ചിലപ്പോള്‍ ആഴ്ചകളോ മാസങ്ങളോ ചുമ നീണ്ടുനില്‍ക്കുന്നു.
ഉയര്‍ന്ന ശരീര താപനില
എല്ലാ കോവിഡ് കേസുകളിലും പനി ഒരു പ്രധാന ലക്ഷണമല്ല. എങ്കിലും അണുബാധയെത്തുടര്‍ന്ന് പനി ബാധിച്ചവരില്‍ സാധാരണയായി ചൂട് 99-103 ഡിഗ്രി ഫാരന്‍ഹീറ്റില്‍ നിലനില്‍ക്കും. താപനില ഉയര്‍ന്നും താഴ്ന്നും വരാം. പനി 4-5 ദിവസത്തില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുകയും തണുപ്പും വിറയലും ഉണ്ടാകുകയും ചെയ്യും. ഒരു വ്യക്തിക്ക് പ്രത്യേകിച്ച് പുറകിലോ നെഞ്ചിലോ സ്പര്‍ശിക്കുമ്പോള്‍ അധികമായി ചൂട് തോന്നുന്നുവെങ്കില്‍, ഇത് കോവിഡിന്റെ അടയാളമായി കണക്കാക്കാം.
പെട്ടെന്നുള്ള മണം, രുചി നഷ്ടപെടൽ
കോവിഡ് വൈറസിന് നിങ്ങളുടെ ഘ്രാണാന്തര ഇന്ദ്രിയങ്ങളെ തടസപ്പെടുത്താമെന്നും ഭക്ഷണങ്ങളുടെ രുചിയോ ചില സുഗന്ധങ്ങളോ നിങ്ങള്‍ക്ക് അനുഭവപ്പെടില്ലെന്നും ഉള്ളത് ഇപ്പോള്‍ അറിയപ്പെടുന്ന ഒരു ലക്ഷണമാണ്. ഇപ്പോള്‍, കൂടുതലായി കാണപ്പെടുന്ന മറ്റ് ക്ലാസിക് കോവിഡ് ലക്ഷണങ്ങള്‍ക്ക് മുമ്പുതന്നെ ചില ആളുകള്‍ക്ക് ഇത്തരം ബുദ്ധിമുട്ട് അനുഭവപ്പെടാം. പതിവിനു വിപരീതമായി നിങ്ങള്‍ക്ക് മണം, രുചി എന്നിവ അനുഭവപ്പെടാതെ വന്നാല്‍ അത് കോവിഡിന്റെ അടയാളമായിരിക്കാം.
ശ്വസന തകരാര്‍
കോവിഡ് വൈറസ് അണുബാധയുമായി ബന്ധപ്പെട്ട സാധാരണ സങ്കീര്‍ണതകളാണ് ശ്വസന ബുദ്ധിമുട്ടുകള്‍. അകാരണമായി ഉണ്ടാകുന്ന ശ്വാസം മുട്ടല്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് കോവിഡ് ഉണ്ടായിരിക്കാം എന്നതിന്റെ സൂചനയായിരിക്കാം. നെഞ്ചില്‍ പെട്ടെന്നുള്ള ഇറുകിയ ഹൃദയമിടിപ്പ്, വേഗത്തില്‍ ശ്വസിക്കുന്നത് എന്നിവ ഈ ഘട്ടത്തില്‍ ഉണ്ടാകാം. എന്നിരുന്നാലും, പ്രായമായവരിലും ഒന്നോ അതിലധികമോ കോമോര്‍ബിഡിറ്റികളുള്ളവരിലോ ഇത് കൂടുതല്‍ സാധാരണമാണ്.
ഉദര പ്രശ്‌നങ്ങള്‍
കോവിഡ് 19 വയറ്റിലെ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ഗവേഷണമനുസരിച്ച്, കോവിഡ് ബാധിച്ചവരില്‍ വയറിളക്കം, ഓക്കാനം, വയറുവേദന, വിശപ്പ് കുറയല്‍ എന്നിവ കാണപ്പെടുന്നു. കോവിഡിന്റെ തുടക്കത്തില്‍ ചൈനയില്‍ നിന്നുള്ള 48% രോഗികള്‍ക്കും വയറുവേദന പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്.
ക്ഷീണം
കോവിഡ് ബാധിച്ചാല്‍ രോഗിക്ക് ക്ഷീണം അനുഭവപ്പെടുന്നുവെന്ന് രോഗമുക്തരായവര്‍ സാക്ഷ്യപ്പെടുത്തുന്നു. വിട്ടുമാറാത്ത ക്ഷീണം, ദൈനംദിന പ്രവര്‍ത്തികള്‍ നിര്‍വഹിക്കാന്‍ ബുദ്ധിമുട്ട്, 3-4 ദിവസം നീണ്ടുനില്‍ക്കുന്ന ശരീരവേദന എന്നിവ ഉണ്ടെങ്കില്‍, ഇത് ഒരു കോവിഡ് ലക്ഷണമായി കണക്കാക്കാം.