കുട്ടികളെ ഒമൈക്രോൺ ബാധിക്കാതിരിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടത്

 

കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ രാജ്യത്ത് അതിവേഗം പടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഒമിക്രോണ്‍ വകഭേദം കുട്ടികളില്‍ ചെലുത്തുന്ന ആഘാതത്തെക്കുറിച്ച്‌ മാതാപിതാക്കള്‍ ആശങ്കാകുലരാണ്.

പുതിയ വേരിയന്റുകളുടെ അപകടസാധ്യതയെക്കുറിച്ചുള്ള ഭയം ഓരോ ദിവസം കഴിയുന്തോറും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

ഒമിക്രോണ്‍ ബാധിക്കുന്നവരില്‍ നേരിയ ലക്ഷണങ്ങള്‍ മാത്രമേ പ്രകടമാകുന്നൂള്ളൂവെന്നാണ് മുംബൈയിലെയും ഡല്‍ഹിയിലെയും വിദഗ്ധര്‍ പറയുന്നത്. മുതിര്‍ന്നവരിലും കുട്ടികളിലും കേസുകളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇവരില്‍ ഭൂരിഭാഗവും നേരിയ ലക്ഷണങ്ങളാണ് കാണിക്കുന്നതെന്ന് ഫോര്‍ട്ടിസ് ഹോസ്പിറ്റലിലെ പള്‍മണോളജി വിഭാ​ഗം മേധാവി ഡോ. വികാസ് മൗര്യ പറയുന്നു.

വിദഗ്ധരുടെ അഭിപ്രായത്തില്‍ പനി, ചുമ, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങള്‍ സാധാരണയായി കുട്ടികളില്‍ കാണപ്പെടുന്നു. ഇതുവരെ കുത്തിവയ്പ്പ് എടുക്കാത്തതിനാല്‍ കുട്ടികള്‍ക്ക് അണുബാധ ഉണ്ടാകാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ടെങ്കിലും കൊവിഡ് 19 കേസുകളുടെ നിലവിലെ കുതിച്ചുചാട്ടത്തിന്റെ ആഘാതം ഇതുവരെ കുട്ടികളില്‍ കാര്യമായി ഉണ്ടായിട്ടില്ലെന്ന് വിദഗ്ധര്‍ പറയുന്നു.

‘ഇതുവരെ ഒമിക്രോണ്‍ കുട്ടികളില്‍ അത്രയധികം സ്വാധീനം ചെലുത്തിയിട്ടില്ലെങ്കിലും മുതിര്‍ന്നവരെ ഇത് വളരെയധികം ബാധിക്കുന്നു. ഇതുവരെ കുത്തിവയ്പ്പ് എടുക്കാത്തതിനാല്‍ കുട്ടികള്‍ക്ക് ഇപ്പോഴും അണുബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഈ വകഭേദം അതിവേ​ഗം പകരുന്നതാണ്…’- മുംബൈയിലെ പരേലിലുള്ള ഗ്ലോബല്‍ ഹോസ്പിറ്റലിലെ പള്‍മണോളജി ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ ഹരീഷ് ചാഫ്ലെ പറയുന്നു.

പനി, മൂക്കൊലിപ്പ്, തൊണ്ടവേദന, ശരീരവേദന, വരണ്ട ചുമ തുടങ്ങിയവയാണ് കുട്ടികളില്‍ പ്രകടമാകുന്ന ഒമിക്രോണിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങളെന്ന് ഡോ ഹരീഷ് പറഞ്ഞു. മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, സാനിറ്റെെസര്‍ ഉപയോ​ഗിക്കുക എന്നിവ ശ്രദ്ധിക്കുക. മുതിര്‍ന്നവര്‍ മാസ്‌ക് ശരിയായി ധരിക്കുക. അത് വഴി കുട്ടികള്‍ മാസ്ക് ധരിക്കാന്‍ പഠിക്കുന്നു. ഇടയ്ക്കിടെ കെെകഴുകാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഒമിക്രോണ്‍, ഡെല്‍റ്റ വകഭേദങ്ങള്‍ രാജ്യത്ത് അതിവേഗം പടരുന്നുണ്ട്. മുതിര്‍ന്നവരില്‍ രോഗം ഗുരുതരമാകുന്നത് പോലെ കുട്ടികളില്‍ ഇത് ഗുരുതരമായി ബാധിക്കുന്നില്ല. എന്നിരുന്നാലും മാതാപിതാക്കള്‍ ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡോ.ഹരീഷ് പറഞ്ഞു.