മാതളനാരങ്ങയുടെ തൊലിയിലുണ്ട് അതിശയിപ്പിക്കും ഗുണങ്ങൾ

 

പഴങ്ങൾ കഴിക്കുകയും പഴത്തോല് വലിച്ചെറിയുകയുമാണല്ലോ പതിവ്. എന്നാൽ മാതളനാരങ്ങയുടെ തോല് ഇനി മുതൽ വലിച്ചെറിയേണ്ട. പഴത്തോളംതന്നെ ഗുണങ്ങൾ അടങ്ങിയതാണ് മാതളത്തോലും. മാതളപ്പഴത്തിന്റെ ജ്യൂസിൽ അടങ്ങിയതിലും അധികം ആന്റിഓക്‌സിഡന്റുകൾ മാതളപ്പഴത്തിന്റെ തോലിലും അടങ്ങിയിട്ടുണ്ട്.

രക്തത്തിലെ പഞ്ചസാരയുടെ അളവും കൊളസ്ട്രോളും രക്തസമ്മർദവും എല്ലാം നിയന്ത്രിക്കുന്നതുൾപ്പെടെ നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയ ഫലമാണ് മാതളം. മാതളത്തൊലിയും ഔഷധഗുണങ്ങൾ ഏറെയുള്ളതാണെന്ന് ആയുർവേദം പറയുന്നു. പഴത്തിന്റെ തൊലി പൊളിച്ച ശേഷം നന്നായി ഉണക്കിപ്പൊടിക്കാം. ഇത് തിളച്ചവെള്ളത്തിൽ ചേർത്ത് കുടിക്കാം.

∙ ചർമത്തിന്റെ ആരോഗ്യം

ആന്റി ഓക്സിഡന്റുകളും പോളിഫിനോളുകളും ധാരാളം അടങ്ങിയ മാതളത്തൊലി ചർമത്തിലുണ്ടാകുന്ന ഇരുണ്ട പാടുകളെ (hyperpigmentation) അകറ്റുന്നു. മാതളത്തൊലി പൊടിച്ചത് വെള്ളം ചേർത്ത് മുഖത്ത് പുരട്ടിയാൽ മുഖക്കുരുവും മറ്റ് ചർമ പ്രശ്‌നങ്ങളും അകറ്റാം. അൾട്രാവയലറ്റ് വികിരണങ്ങളിൽ നിന്നു സംരക്ഷണമേകുന്നു. ഒപ്പം പ്രായമാകലിന്റെ ലക്ഷണങ്ങളെ കുറയ്ക്കുന്നു.

∙ പ്രമേഹ സാധ്യത കുറയ്ക്കുന്നു

ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ ഗുരുതര രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കാൻ മാതളത്തോൽ സഹായിക്കും. ഒരു ആന്റി ഇൻഫ്ലമേറ്ററി ഏജന്റ് ആയി പ്രവർത്തിക്കുക വഴി അമിതഭാരവും പൊണ്ണത്തടിയും ഉള്ളവരിൽ കൊളസ്‌ട്രോളിന്റെയും രക്തത്തിലെ പഞ്ചസാരയുടെയും അളവ് മെച്ചപ്പെടുത്താൻ 1000 മി.ഗ്രാം മാതളത്തോലിന്റെ സത്തിനു കഴിയും എന്ന് തെളിഞ്ഞിട്ടുണ്ട്.

ഡമ്മി ഗുളികകൾ കഴിച്ചവരെ അപേക്ഷിച്ച് 500 മിഗ്രാം മാതളത്തോൽ സത്ത് കഴിച്ച ടൈപ്പ് 2 പ്രമേഹ രോഗികൾ രക്ത സമ്മർദം, കൊളസ്‌ട്രോൾ, ഹീമോഗ്ലോബിൻ A1C എന്നിവ മെച്ചപ്പെട്ടതായി കണ്ടു.

∙ കാൻസറിനെ പ്രതിരോധിക്കുന്നു

മാതളത്തോലിൽ Punicalagin എന്ന ഒരു പോളിഫിനോൾ അടങ്ങിയിട്ടുണ്ട്. ഇതിന് കാൻസറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. കാൻസർ കോശങ്ങളുടെ വളർച്ച സാവധാനത്തിലാക്കാനും തടയാനും ഉള്ള കഴിവ് മാതളത്തിനുണ്ട്. സ്‌തനാർബുദം, ഓറൽ കാൻസർ, കോളൻ കാൻസർ, പ്രോസ്‌റ്റേറ്റ് കാൻസർ തുടങ്ങിയവയെ പ്രതിരോധിക്കാൻ മാതളത്തോലിനു സാധിക്കും. മാതളത്തോലിൽ ഉയർന്ന അളവിൽ ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയതിനാൽ കരളിലെ കാൻസറിനെ പ്രതിരോധിക്കുകയും കരളിനെ സംരക്ഷിക്കുകയും ചെയ്യും.

∙ ആരോഗ്യം

പല്ലുകളുടെയും മോണയുടെയും ആരോഗ്യം മെച്ചപ്പെടുത്താൻ മാതളത്തോൽ സഹായിക്കും. പ്ലേക്ക് ഉണ്ടാകാതെ തടയാൻ ഇത് സഹായിക്കും. പല്ലുകളുടെ നാശം തടയാനും പല്ലിന്റെയും മോണയുടെയും രോഗങ്ങളെ തടയാനും ആന്റിബാക്ടീരിയൽ ഗുണങ്ങളുള്ള മാതളത്തോലിനു കഴിയും.

∙ ആന്റി ബാക്ടീരിയൽ

മാതളത്തോലിന് ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ഉള്ളതിനാൽ ഇത് വായിൽ കവിൾക്കൊള്ളുന്നത് തൊണ്ടവേദന അകറ്റും. മുറിവുകൾ ഉണക്കാനും അണുബാധ തടയാനും മാതളത്തോൽ സഹായിക്കും.

∙ സന്ധിവാത ചികിത്സയിൽ

സന്ധികൾക്കുണ്ടാകുന്ന വീക്കം അഥവാ റുമാറ്റോയിഡ് ആർത്രൈറ്റിസിന്റെ കാഠിന്യം കുറയ്ക്കാൻ ആന്റി ഓക്സിഡന്റ് ഗുണങ്ങളുള്ള മാതളത്തോലിനു കഴിയും.

മാതളത്തോലിലടങ്ങിയ പുനികലാജിൻ എന്ന വസ്‌തു സന്ധിവീക്കവും കാർട്ടിലേജിനുണ്ടാകുന്ന ക്ഷതവും തടയുമെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. ആർത്രൈറ്റിസ് വരാനുള്ള സാധ്യത കുറയ്ക്കാനും ലക്ഷണങ്ങളെ കുറയ്ക്കാനും മാതളത്തോളിനു കഴിയും.

∙ എല്ലുകളുടെ ആരോഗ്യം

എല്ലുകളുടെ ആരോഗ്യത്തിന് മാതളത്തോൽ സഹായിക്കും. ബോൺലോസ് തടയാനും പുതിയ ബോൺ ടിഷ്യൂ വളരാനും ഇത് സഹായിക്കും.

∙ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു

ആന്റിഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയതിനാൽ അൽസ്ഹൈമേഴ്‌സ് ബാധിച്ചവരിൽ ക്വാളിറ്റി ഓഫ് ലൈഫ് മെച്ചപ്പെടുത്താൻ മാതളത്തോൽ സഹായിക്കും. മാതളത്തോലിന്റെ സത്ത് ബൗദ്ധികമായ പ്രവർത്തനം മെച്ചപ്പെടുത്തും.

ഉപയോഗം

മാതളപ്പഴത്തിൽ നിന്നും നീക്കിയ തൊലി വെയിലത്ത് രണ്ടോ മൂന്നോ ദിവസം ഉണക്കുക. തുടർന്ന് ഇത് നന്നായി പൊടിച്ചെടുക്കാം. വായു കടക്കാത്ത പാത്രത്തിലടച്ച് മാതളത്തോലിന്റെ പൊടി സൂക്ഷിച്ചു വയ്ക്കാം. ഈ പൊടി വെള്ളത്തിൽ ചാലിച്ച് ഫെയ്സ് മാസ്ക്ക് ആയി ഉപയോഗിക്കാം. തിളച്ച വെള്ളത്തിൽ ചേർത്ത് അരിച്ചെടുത്ത് ഹെർബൽ ടീ ആയും ഉപയോഗിക്കാം.