ആരോഗ്യമുള്ള തലമുടിക്ക് ഭക്ഷണത്തിൽ ഉൾപ്പെടുത്താം ഈ മൂന്ന് പോഷകങ്ങൾ

 

ആരോഗ്യമുള്ള തലമുടി ആഗ്രഹിക്കാത്തവരുണ്ടാകില്ല. മുടിയുടെ ആരോഗ്യം പല ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. പാരമ്പര്യം ഒരു പ്രധാന ഘടകമാണ്. പ്രായം, രക്തത്തിലെ ഹോർമോണുകൾ ഇവയും മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭക്ഷണത്തിലെ പോഷകങ്ങളും പോഷകങ്ങളുടെ അഭാവവും മുടിയുടെ വളർച്ചയെ സ്വാധീനിക്കുന്ന ഒരു പ്രധാന ഘടകമാണ്.

ജീവിതശൈലിയിലുണ്ടാകുന്ന വ്യത്യാസങ്ങൾ തലമുടി വളരാനും പൊഴിയാനും എല്ലാം കാരണമാകും. ആവശ്യത്തിന് ഉറക്കവും വിശ്രമവും ലഭിച്ചില്ലെങ്കിൽ, സ്‌ട്രെസ് മൂലം വിഷമിക്കുന്നുവെങ്കിലൊക്കെ മികച്ച ഭക്ഷണവും മുടി സംരക്ഷിക്കുന്നതിനുള്ള മറ്റ് മാർഗങ്ങളും അവലംബിച്ചാലും തലമുടിയുടെ ആരോഗ്യം നഷ്‌ടപ്പെടും. സമ്മർദം അകറ്റുക എന്നത് ഏറെ പ്രധാനമാണ്.

ഭക്ഷണത്തിന്റെ കാര്യമെടുത്താൽ പോഷകങ്ങളടങ്ങിയ ഭക്ഷണം തലമുടിക്ക് നല്ല ഉള്ള് ലഭിക്കാനും തിളക്കമേകാനും അകാലനര തടയാനും സഹായിക്കും. തലമുടി വളരാൻ സഹായിക്കുന്ന പോഷകങ്ങളാണ് ബയോട്ടിൻ, വൈറ്റമിൻ ഡി, വൈറ്റമിൻ ഇ, അയൺ, വൈറ്റമിൻ സി, ഒമേഗ 3 ഫാറ്റി ആസിഡ് മുതലായവ.

തലമുടി വളരാൻ സഹായിക്കുന്ന മൂന്ന് പ്രധാന വൈറ്റമിനുകൾ ഇവയാണ്.

1. പ്രോട്ടീൻ

കെരാറ്റിൻ എന്ന പ്രോട്ടീൻ കൊണ്ടാണ് തലമുടി ഉണ്ടാക്കിയിരിക്കുന്നത്. മറ്റ് പ്രോട്ടീനുകളെ പോലെ ഇത് അമിനോ ആസിഡുകളുടെ ഒരു ചേർച്ചയാണ്. അവയവങ്ങളുടെ ശരിയായ പ്രവർത്തനത്തിനും വിശപ്പ് നിയന്ത്രിക്കാനും പേശി വളർച്ചയ്ക്കുമെല്ലാം ഇത് സഹായിക്കും. ഒരു മുട്ട, അര കപ്പ് കടല അല്ലെങ്കിൽ ഒരു കൈപ്പിടി നട്സ് ഇവ ചേർത്താൽ 6 ഗ്രാം പ്രോട്ടീൻ ആയി. അൽപം ചിക്കനും മീനും കൂടിയായാൽ 30 ഗ്രാം ആകും. പ്രോട്ടീനും അമിനോ ആസിഡും ലഭിക്കാൻ ഇവയ്‌ക്കൊപ്പം ഓട്സ്, ബീൻസ്, ലീൻ മീറ്റ്, പൗൾട്രി, പയർ വർഗങ്ങൾ എന്നിവ കൂടി ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

2. ബി വൈറ്റമിനുകൾ

ബയോട്ടിൻ, നിയാസിൻ തുടങ്ങിയ ബി വൈറ്റമിനുകൾ മുടി വളരാൻ സഹായിക്കും. ബയോട്ടിന്റെ അഭാവം തലമുടി കൊഴിയാൻ കാരണമാകും. പച്ചമുട്ടയുടെ ഉപയോഗം ബയോട്ടിന്റെ ആഗിരണത്തെ തടസ്സപ്പെടുത്തുകയും ഇത് മുടി പൊഴിയാൻ ഇടയാക്കുകയും ചെയ്യും. വേവിക്കാത്ത മുട്ടയിലടങ്ങിയ അവിഡിൻ, ബയോട്ടിനുമായി ചേർന്നാണ് ആഗിരണം തടയുന്നത്. വേവിച്ച മുട്ടയാണ് സുരക്ഷിതം. കാരണം ചൂടാക്കുമ്പോൾ അവിഡിൻ വിഘടിക്കപ്പെടും. ഇറച്ചി, മത്സ്യം, മുട്ട, അണ്ടിപ്പരിപ്പുകൾ, സീഡ്‌സ്, മധുരക്കിഴങ്ങ്, ബ്രക്കോളി, ചീര തുടങ്ങിയവയെല്ലാം ബയോട്ടിൻ അടങ്ങിയ ഭക്ഷണങ്ങളാണ്.

3. വൈറ്റമിൻ ഡി

ആരോഗ്യമുള്ള തലമുടിക്ക് അത്യാവശ്യമായ ഒന്നാണ് സൂര്യപ്രകാശത്തിൽ നിന്നു ലഭിക്കുന്ന വൈറ്റമിൻ ഡി. മുടിനാരുകളുടെ വളർച്ചയ്ക്ക് ആവശ്യമായ ഫാറ്റ് സോല്യൂബിൾ വൈറ്റമിനാണ് വൈറ്റമിൻ ഡി. മത്സ്യം, മുട്ടയുടെ മഞ്ഞക്കരു എന്നിവയിലൊഴികെ മറ്റ് ഒരു ഭക്ഷണത്തിൽ നിന്നും ഡി വൈറ്റമിൻ ലഭിക്കില്ല. ഭക്ഷണത്തിലൂടെ ലഭിച്ചാലും അതിനെ ശരീരം മാറ്റം വരുത്തിക്കളയും. സൂര്യന്റെ ഊർജം ചർമത്തിൽ ഏൽക്കുമ്പോൾ വൈറ്റമിൻ ഡി 3 ആകുന്നു. ഇത് കരളിലേക്കും വൃക്കയിലേക്കും എത്തുകയും ആക്ടിവ് വൈറ്റമിൻ ഡി ആയി മാറുകയും ചെയ്യും. ഷിറ്റേക്ക് മഷ്‌റൂം, ബട്ടൺ മഷ്‌റൂം, അയല, മത്തി, കോഡ്‌ലിവർ ഓയിൽ, കോര, മുട്ട എന്നിവയിലൂടെ വൈറ്റമിൻ ഡി ലഭിക്കും.

ആരോഗ്യവും സൗന്ദര്യവുമുള്ള തലമുടി ആത്മവിശ്വാസമേകും. ചിട്ടയായ ജീവിതശൈലി പിന്തുടരുന്നതോടൊപ്പം ഭക്ഷണത്തിൽ മുടി വളർച്ചയ്ക്കാവശ്യമായ ഈ വൈറ്റമിനുകൾ കൂടി ഉൾപ്പെടുത്താം. അങ്ങനെ തിളങ്ങുന്ന ആരോഗ്യമുള്ള തലമുടി സ്വന്തമാക്കാം.