പ്രളയ സാധ്യത നേരിടാൻ മുന്നൊരുക്കം; മക്കയിൽ കനാലുകളിൽ അറ്റകുറ്റപ്പണി

മക്ക: അൽശറാഇ ഡിസ്ട്രിക്ട്രിലെ മഴവെള്ള ഡ്രെയിനേജ് കനാലുകളിൽനിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഡ്രെയിനേജ് ശൃംഖലകൾ തയാറാക്കുന്നതിനും മഴക്കാലത്ത് അവയുടെ ക്ഷമത ഉറപ്പു വരുത്തുന്നതിനുമുള്ള ആദ്യ പടിയായാണ് അറ്റക്കുറ്റപ്പണികൾ നടത്തുന്നത്. ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് ഫ്‌ളഡ് നെറ്റ്‌വർക്കിന് വേണ്ടി മക്കാ മുനിസിപ്പാലിറ്റിയാണ് മാലിന്യ നിർമാജന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

 

അൽശറാഇയക്ക് പുറമെ അജയ്ദ്, ബത്ഹ ഖുറൈശ് എന്നീ ഡിസ്ട്രിക്ടുകളിലെ ഡ്രെയിനേജുകളിലും അറ്റകുറ്റപ്പണികൾ നടത്തും. ഡ്രെയിനേജ് ശൃംഖലകളുടെ സുരക്ഷയും കാര്യക്ഷമതയും നിരന്തരം ഉറപ്പു വരുത്തുന്നതിനും വെള്ളപ്പൊക്ക സാധ്യതകൾ കുറക്കുന്നതിനുമായാണ് നേരത്തെ മുന്നൊരുക്കങ്ങൾ തുടങ്ങിയിരിക്കുന്നത്. പരിശീലനം സിദ്ധിച്ച സാങ്കേതിക വിദഗ്ധരാണ് അറ്റക്കുറ്റപ്പണികൾക്ക് മേൽനോട്ടം വഹിക്കുന്നത്.

 

ഡ്രെയിനേജ് അറ്റകുറ്റപ്പണികൾക്ക് പുറമെ തെക്കൻ മക്ക-ഉകൈശിയ റോഡിൽ വാദിഉർന സ്ട്രീറ്റിലെ കോൺക്രീറ്റ് ബ്രിഡ്ജ് പദ്ധതിയുടെ നിർമാണവും ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് ഫ്‌ളഡ് നെറ്റ്‌വർക്ക് നടത്തിവരികയാണ്. 150 മീറ്ററോളം നീളവും 50 മീറ്റർ വീതിയുമാണ് പാലത്തിനുണ്ടാവുക. നിർമാണ പ്രവർത്തനങ്ങൾ 88 ശതമാനവും പൂർത്തിയായതായി മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.