Headlines

മലബാർ ദേവസ്വം ഏകീകൃത നിയമം വേണ്ടെന്ന് സർക്കാർ; നിയമപരിഷ്കരണ സമിതി റിപ്പോർട്ട് തള്ളി

മലബാർ ദേവസ്വം ഏകീകരണ നിയമം തൽക്കാലം വേണ്ടെന്ന നിലപാടിലാണ് സർക്കാർ. 2017ൽ കെ ഗോപാലകൃഷ്ണൻ സമിതി റിപ്പോർട്ട് നിയമസഭയിൽ ചർച്ച ചെയ്യേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം. സമുദായ സംഘടനകളുടെ അതൃപ്തി ഭയന്നാണ് സഭയിൽ മലബാർ ദേവസ്വം ബിൽ അവതരിപ്പിക്കാത്തത്. 24 എക്സ്ക്ലൂസിവ്.2008 ൽ വി എസ് സർക്കാറിൻ്റെ കാലത്താണ് മലബാർ ദേവസ്വം ബോർഡ് രൂപീകരിക്കുന്നത്. കൊച്ചി-തിരുവിതാംകൂർ ദേവസ്വങ്ങളുടെ മാതൃകയിലേക്ക് മലബാർ ദേവസ്വം ബോർഡിനും ഏകീകൃത സ്വഭാവം കൊണ്ടുവരികയായിരുന്നു ലക്ഷ്യം. 2017 ൽ ഗോപാലകൃഷ്ണൻ സമിതി മലബാർ ദേവസ്വം ബില്ലിൻ്റെ മാതൃക തയ്യാറാക്കി സർക്കാറിൽ സമർപ്പിച്ചെങ്കിലും ഇതുവരെയും വിഷയം നിയമസഭയിൽ ചർച്ചക്കെടുത്തില്ല. 1403 ക്ഷേത്രങ്ങളാണ് മലബാർ ദേവസ്വംബോർഡിന് കീഴിലുള്ളത്. വരുമാനങ്ങളുടെ അടിസ്ഥാനത്തിൽ അഞ്ച് ഗ്രേഡുകളിലാണ് ക്ഷേത്രങ്ങൾ. മൂന്ന്, നാല് ഗ്രേഡുകളിലെ ക്ഷേത്രജീവനക്കാർക്ക് വേതനം നൽകുന്നത് സർക്കാർ ഫണ്ടിൽ നിന്നാണ്. ഏകീകൃത നിയമം വന്നാൽ ജീവനക്കാർക്ക് ഗ്രേഡ് നോക്കാതെ വേതനവും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കാനാകും. എന്നാൽ ഏകീകൃത ബിൽ സഭയിൽ വെക്കേണ്ടതില്ലന്നാണ് സർക്കാർ തീരുമാനം.

ഏകീകൃത നിയമം യാഥാർഥ്യമായാൽ ഇപ്പോൾ ക്ഷേത്രഭരണം കയ്യാളുന്ന പാരമ്പര്യട്രസ്‌റ്റികളുടെ അധികാരം നഷ്ടമാകും. നിയമനങ്ങളെല്ലാം ദേവസ്വത്തിൻ്റെ നിയന്ത്രണത്തിലാകും. അന്യാധീനപ്പെട്ട ക്ഷേത്ര സ്വത്തുവകകളും തിരിച്ചുപിടിക്കാനാകും. ഇതാണ് സമുദായ നേതാക്കൾ ഏകീകൃത ബില്ലിനെതിരെ തിരിയാൻ കാരണം.