Headlines

കേന്ദ്ര ബജറ്റ് ; കേരളത്തോടുള്ള അവഗണനക്കെതിരെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിപിഐഎം

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കേന്ദ്ര ബജറ്റില്‍ ചരിത്രത്തില്‍ കാണാത്ത അവഗണനയാണെന്നും, കേരളം ഒന്നടങ്കം ശക്തമായ പ്രതിഷേധം ഉയര്‍ത്തണമെന്നും സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവന.ഏഴ്‌ അതിവേഗ റെയില്‍ ഇടനാഴി പ്രഖ്യാപിച്ചിട്ടും കേരളത്തെ പരിഗണിച്ചില്ല. ഇവിടുത്തെ ജനങ്ങളോട്‌ പകതീര്‍ക്കുകയാണ്‌ ബിജെപി. 12 പുതിയ ജലപാതകളിലും കേരളമില്ല. അതിവേഗ പാത, നിലമ്പൂര്‍-നഞ്ചന്‍കോട്‌, തലശേരി-മൈസൂര്‍, കാഞ്ഞങ്ങാട്‌-കാണിപ്പയ്യൂര്‍ റെയില്‍പ്പാതകള്‍, വര്‍ഷങ്ങളായി സ്ഥലമേറ്റെടുത്ത്‌ കാത്തിരിക്കുന്ന എയിംസ്‌, റബ്ബറിനും പരമ്പരാഗത മേഖലയ്‌ക്കുമുള്ള സഹായങ്ങള്‍, നെല്ലിന്‌ സംഭരണ വിലയുയര്‍ത്തല്‍ തുടങ്ങി പ്രതീക്ഷകളേറെയായിരുന്നു.

മുഖ്യമന്ത്രി ഉള്‍പ്പെടെ പലകുറി ഈ ആവശ്യങ്ങള്‍ നേരിട്ട്‌ ഉന്നയിച്ചതാണ്‌. ബജറ്റിന്‌ മുന്നോടിയായി കേന്ദ്ര മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്‌ചയിലും കേരളത്തിന്റെ ആവശ്യങ്ങളടങ്ങിയ നിവേദനം നല്‍കിയിരുന്നു. നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ അവ സാനപാദം 5,649 കോടി രൂപ നിഷേധിച്ച്‌ ബുദ്ധിമുട്ടിച്ച സര്‍ക്കാരാണ്‌ കേന്ദ്രത്തിലെങ്കിലും, ബജറ്റില്‍ ചിലത്‌ പരിഗണിക്കുമെന്ന്‌ കരുതിയിരുന്നു. ഫിനാന്‍സ്‌ കമ്മീഷന്‍ വിഹിതം ഉയര്‍ത്തണമെന്ന ആവശ്യം പരിഗണിക്കാത്തത്‌ കടുത്ത നിരാശയാണുണ്ടാക്കുന്നത്‌. റവന്യു ഡഫസിറ്റ്‌ ഗ്രാന്റ്‌ ഉപേക്ഷിക്കുക വഴി കേരളത്തിന്റെ സാമ്പത്തിക അടിത്തറയെ കാര്യമായി ദുര്‍ബലപ്പെടുത്തും. ഇത്തരം നടപടികളിലൂടെ ഫെഡറലിസത്തെ തന്നെ വെല്ലുവിളിക്കുകയാണ്‌ കേന്ദ്രം. കേരളം എന്ന പേര്‌ പോലും ബജറ്റില്‍ മുന്‍പ്‌ ഉണ്ടാകാറില്ലെങ്കില്‍ ഇക്കുറി കടലാമയെന്നും, തേങ്ങയെന്നും വന്നിട്ടുണ്ട്‌.

ധാതു ഇടനാഴിയില്‍ ഉള്‍പ്പെടുത്തിയതിന്റെ പിന്നില്‍ എന്ത്‌ അജണ്ടയാണ്‌ ഒളിഞ്ഞിരിക്കുന്നതെന്ന്‌ വ്യക്തമാണ്‌. കേരള ബജറ്റില്‍ ഈ മേഖലയെ ആരോഗ്യകരമായി ഉപയോഗപ്പെടുത്താന്‍ ആവശ്യമായ പദ്ധതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഇവിടുത്തെ ധാതുക്കള്‍ ബഹുരാഷ്ട്ര കുത്തകകള്‍ക്ക്‌ കൊള്ളയടിക്കാന്‍ തുറന്നിടുന്നതിനുള്ള ശ്രമമാണെങ്കില്‍ ശക്തമായി തന്നെ അതിനെ നേരിടേണ്ടി വരും. സംസ്ഥാനത്തിന്റെ നികുതിയും, വിഭവങ്ങളുമെല്ലാം കൊണ്ടുപോവുകയും ഇവിടുത്തെ ജനങ്ങള്‍ക്ക്‌ അര്‍ഹതപ്പെട്ട വിഹിതമോ പദ്ധതികളോ അനുവദിക്കുകയുമില്ലെന്ന ഹുങ്ക്‌ ബ്രിട്ടീഷ്‌ രാജിനെയാണ്‌ ഓര്‍മ്മിപ്പിക്കുന്നത്‌. കേരളത്തിലെ ജനങ്ങളെ നോക്കി യൂണിയന്‍ സര്‍ക്കാര്‍ ആട്ടിത്തുപ്പുന്ന സമീപനമാണ്‌ സ്വീകരിച്ചിട്ടുള്ളത്‌. കേരളം ചരിത്രത്തില്‍ നേരിടാത്തത്ര അവഗണനയാണ്‌ അനുഭവിക്കുന്നത്‌. അതീവ ഗൗരവതരമായ ഈ സാഹചര്യത്തെ ജനങ്ങള്‍ ഒറ്റക്കെട്ടായി നേരിടണം.

വികസനമാണ്‌ തങ്ങളുടെ അജണ്ടയെന്ന്‌ വായ്‌ത്താരി പുറപ്പെടുവിക്കുന്ന കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ക്കും, കേന്ദ്ര മന്ത്രിമാര്‍ക്കും എന്താണ്‌ പറയാനുള്ളത്‌. കേരളത്തിലെ ജനങ്ങളെ ഇങ്ങിനെ ശിക്ഷിക്കുന്നത്‌ എന്തിനാണെന്ന ചോദ്യത്തിന്‌ ഉത്തരമുണ്ടോ. സംസ്ഥാനത്തെ സാധാരണ മനുഷ്യര്‍ ചിലത്‌ ആഗ്രഹിച്ചിരുന്നു. അവരോട്‌ കേന്ദ്ര സര്‍ക്കാരും, കേരളത്തിലെ ബി.ജെ.പി നേതാക്കളും മറുപടി പറയണം. അസാധാരണമായ അവഗണന തുടരുന്ന കേന്ദ്ര സര്‍ക്കാരിനതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും പ്രതിഷേധിക്കണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ്‌ അഭ്യര്‍ഥിച്ചു.