Headlines

മാറ്റത്തിന്റെ ദിശാബോധവുമായി ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍’ രണ്ടാം ദിനം: ശ്രദ്ധേയമായി പാനല്‍ ചര്‍ച്ചകളും സാങ്കേതിക വിസ്മയങ്ങളും

ഭാവിയിലേക്കുള്ള കരുതലോടെ ജെയിന്‍ യൂണിവേഴ്സിറ്റി സംഘടിപ്പിക്കുന്ന ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍’ രണ്ടാം ദിനവും ആവേശകരമായ ചര്‍ച്ചകള്‍ക്കും പ്രദര്‍ശനങ്ങള്‍ക്കും സാക്ഷ്യം വഹിച്ചു. ഭരണകൂടം, സിനിമ, സ്ത്രീശാക്തീകരണം, സാങ്കേതികവിദ്യ തുടങ്ങിയ വിവിധ മേഖലകളിലെ പ്രമുഖര്‍ തങ്ങളുടെ കാഴ്ചപ്പാടുകള്‍ പങ്കുവെച്ചു. (Summit of Future).ഭരണം എന്നത് കേവലം കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കലല്ല, മറിച്ച് വിശ്വാസവും ഭയരഹിതമായ അന്തരീക്ഷവുമാണെന്ന് എഡിജിപി പി. വിജയന്‍ ഐപിഎസ് പറഞ്ഞു. സുരക്ഷ എന്നത് ഒരു സാമൂഹിക സംസ്‌കാരമായി വളരണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

‘നിങ്ങളുടെ ഉള്ളിലെ ശബ്ദത്തിനു കാതോര്‍ക്കൂ, സ്വന്തം സര്‍ഗ്ഗാത്മകതയെ പിന്തുടരൂ’ എന്ന് യുവ സൃഷ്ടാക്കളെ ആഹ്വാനം ചെയ്ത ചലച്ചിത്രകാരി അഞ്ജലി മേനോന്‍, സിനിമയില്‍ സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു.‘നായിക’ പാനല്‍ ചര്‍ച്ചയില്‍ ഷൈനി, നസീറ അഹമ്മദ്, ഡോ. ശ്രീലക്ഷ്മി എന്നിവര്‍ തങ്ങളുടെ ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിച്ച കഥകള്‍ പങ്കുവെച്ചു.

സന്തോഷം ലൈക്കുകളിലോ അക്കങ്ങളിലോ അല്ല, മറിച്ച് സമാധാനമായിരിക്കുന്നതിലാണെന്ന് രമേഷ് പിഷാരടി നിരീക്ഷിച്ചു.

ഉപഭോക്തൃ നിയമങ്ങളിലെ സങ്കീര്‍ണ്ണതകള്‍ പരിഹരിക്കാന്‍ എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തണമെന്ന് അഡ്വ. ഹരീഷ് വാസുദേവന്‍ നിര്‍ദ്ദേശിച്ചു.

വ്യക്തിഗത ബ്രാന്‍ഡിംഗിന്റെ പ്രാധാന്യത്തെക്കുറിച്ച് ഷെഫ് പിള്ള സംസാരിച്ചപ്പോള്‍, ഹൃദയം കവരുന്ന ബ്രാന്‍ഡുകള്‍ എങ്ങനെ സൃഷ്ടിക്കാമെന്ന വിഷയത്തില്‍ പ്രശസ്ത പരസ്യചിത്ര സംവിധായകന്‍ പ്രകാശ് വര്‍മ്മ നടത്തിയ സെഷനും ഏറെ ശ്രദ്ധേയമായി.

കുളവാഴയെ ഒരു വിപത്തായി കാണാതെ അതില്‍ നിന്ന് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനുള്ള സാധ്യതകളെക്കുറിച്ച് ഡോ. നാഗേന്ദ്ര പ്രഭു സംസാരിച്ചു.

‘ആണ്‍ലോകത്തെ പെണ്‍ശബ്ദം’ എന്ന വിഷയത്തില്‍ നടന്ന സെഷനില്‍ അബ്ഷിത പുത്തലത്ത്, അഷീന ഷാന്‍കളേഴ്സ്, ജെസ്ന എം, ആര്‍ജെ ജീന എന്നിവര്‍ പങ്കെടുത്തു.

വാഹനപ്രേമികളെ ആവേശത്തിലാഴ്ത്തി ആധുനിക സൂപ്പര്‍ കാറുകളുടെയും ക്ലാസിക് കാറുകളുടെയും വമ്പന്‍ പ്രദര്‍ശനം അരങ്ങേറി. ഇലക്ട്രിക് വാഹനങ്ങളുടെ ടെസ്റ്റ് ഡ്രൈവും സമ്മിറ്റിന്റെ അവസാന ദിനമായ ഞായറാഴ്ച നടക്കാനിരിക്കുന്ന ‘ലൈവ് ഡ്രിഫ്റ്റ് ഷോ’യുമാണ് മേളയിലെ പ്രധാന ആകര്‍ഷണങ്ങള്‍.

പ്രദര്‍ശന നഗരിയിലെ ‘റോബോ വേഴ്‌സ്’, ‘ഗെയിം വേഴ്‌സ്’ സ്റ്റാളുകള്‍ സന്ദര്‍ശകരുടെ മനംകവര്‍ന്നു. 22 ഭാഷകള്‍ സംസാരിക്കുന്ന ഹ്യൂമനോയിഡ് റോബോട്ടുകളും, അത്യാധുനിക ഡ്രൈവിംഗ് സിമുലേറ്ററുകളും ഭാവിയിലെ സാങ്കേതിക മുന്നേറ്റങ്ങളുടെ നേര്‍ക്കാഴ്ചയായി.