ബാണാസുരസാഗര്‍ അണയില്‍ കൂടുകളിലെ മത്സ്യക്കൃഷി തുടങ്ങുന്നു

കൽപ്പറ്റ : -ബാണാസുരസാഗര്‍ അണയില്‍ ഫിഷറീസ് വകുപ്പ് കൂടുകളിലെ മത്സ്യക്കൃഷി തുടങ്ങുന്നു.അണയുടെ കുറ്റിയാംവയല്‍ ഭാഗത്താണ് മത്സ്യക്കൃഷി ആരംഭിക്കുന്നതെന്നു ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ എം.ചിത്ര പറഞ്ഞു.ഒമ്പതു ബ്ലോക്കുകളിലായി 90 കുടുകളിലാണ് മത്സ്യക്കൃഷി നടത്തുക.ഗിഫ്റ്റ് തിലാപ്പിയ ഇനം മത്സ്യക്കുഞ്ഞുങ്ങളെയാണ് കൂടുകളില്‍ നിക്ഷേപിക്കുക.നീറ്റിലിറക്കുന്ന കൂടിലെ വലയിലാണ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത്. വര്‍ഷത്തില്‍ രണ്ടുതവണ വിളവെടുപ്പു നടത്താനാകും. വൈദ്യുതി വകുപ്പിനു കീഴിലാണ് ബാണാസുരസാഗര്‍ അണ.കല്‍പ്പറ്റയില്‍നിന്നു ഏകദേശം 21 കിലോമീറ്റര്‍ മാറി പടിഞ്ഞാറത്തറയ്ക്കടുത്താണ് അണക്കെട്ടുള്ളത്. ജലവൈദ്യുതി ഉത്പാദനത്തിനു കക്കയം ഡാമില്‍ ജലമെത്തിക്കുന്നതു ബാണാസുരസാഗര്‍ അണയില്‍നിന്നാണ്.വൈദ്യുതി വകുപ്പ് അനുമതി നല്‍കിയ സാഹചര്യത്തിലാണ് റീബില്‍ഡ് കേരള പ്രോഗ്രാമില്‍ അണയില്‍ കൂടുകളിലെ മത്സ്യക്കൃഷി തുടങ്ങാന്‍ തീരുമാനമായത്. ജില്ലയില്‍ ആദ്യമായാണ് റിസര്‍വോയറില്‍ കൂടുകളിലെ മത്സ്യക്കൃഷി.ജലക്കൃഷി വികസന ഏജന്‍സിക്കാണ് പദ്ധതി നിര്‍വഹണച്ചുമതല. ബാണാസുരസാഗര്‍ പട്ടികജാതി-വര്‍ഗ മത്സ്യക്കര്‍ഷക സഹകരണ സംഘാംഗങ്ങളാണ് പദ്ധതി ഗുണഭോക്താക്കള്‍. 90 അംഗങ്ങളാണ് സംഘത്തിലുള്ളത്. മത്സ്യോത്പാദനം വര്‍ധിപ്പിക്കുന്നതിനൊപ്പം സംഘാംഗങ്ങള്‍ക്കു തൊഴിലും വരുമാനവും ഉറപ്പുവരുത്തുന്നതിനാണ് കൂടുകളിലെ മത്സ്യക്കൃഷി ആസൂത്രണം ചെയ്തത്. പദ്ധതിയുടെ ഉദ്ഘാടനം എട്ടിനു ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ ഓണ്‍ലൈനായി നിര്‍വഹിക്കും.കുറ്റിയാംവയലില്‍ നടത്തുന്ന ചടങ്ങില്‍ സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ തുടങ്ങിയവര്‍ പങ്കെടുക്കും. കൂടുകളിലെ മത്സ്യകൃഷിയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിന് ഫിഷറീസ് വകുപ്പ് കൊല്‍ക്കത്തയിലെ ബരക്പൂര്‍ ആസ്ഥാനമായുള്ള കേന്ദ്ര ഉള്‍നാടന്‍ മത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സി.ഐ.എഫ്.ആര്‍.ഐ)സാങ്കേതിക സഹായത്തോടെ വയനാട്ടിലെ പൂക്കോട് തടാകത്തില്‍ വര്‍ഷങ്ങള്‍ മുമ്പ് പ്രദര്‍ശന യൂണിറ്റ് സ്ഥാപിച്ചിരുന്നു. അണക്കെട്ടുകള്‍ക്കു പുറമേ ഖനനം നിലച്ച ക്വാറികളിലെ ആഴമുള്ള വെള്ളക്കെട്ടുകള്‍, അമ്പലക്കുളങ്ങള്‍ എന്നിവിടങ്ങളിലും വിജയകരമായി നടത്താവുന്നതാണ് കൂടുകളിലെ മത്സ്യക്കൃഷി.ഇത്തരം ജലാശയങ്ങളില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കാമെങ്കിലും തീറ്റകൊടുപ്പും വിളവെടുപ്പും ദുഷ്‌കരമാണ്.എന്നാല്‍ കൂടുകള്‍ സ്ഥാപിച്ച് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതു ഈ പരിമിതി ഒഴിവാക്കും. ഓരോ മത്സ്യക്കുഞ്ഞിന്റെയും വളര്‍ച്ച വിലയിരുത്താനും സാധിക്കും. തമിഴ്‌നാട്ടിലെ ഭവാനി സാഗര്‍, കര്‍ണാടകയിലെ കൃഷ്ണരാജ സാഗര്‍ അണകളില്‍ മീന്‍കൂടുകള്‍ സ്ഥാപിച്ച് വ്യാവസായികാടിസ്ഥാനത്തില്‍ മത്സ്യോല്‍പാദനം നേരത്തേ ആരംഭിച്ചിരുന്നു.വയനാട്ടില്‍ കാരാപ്പുഴ അണയിലും കൂടുകളിലെ മത്സ്യക്കൃഷി തുടങ്ങാനുള്ള നീക്കത്തിലാണ് ഫിഷറീസ് വകുപ്പെന്നു അസിസ്റ്റന്റ് ഡയറക്ടര്‍ പറഞ്ഞു.ഇതിന് ജലവിഭവ,ടൂറിസം വകുപ്പുകളുടെ അനുമതി ആവശ്യമാണ്.