കോളജുകളിൽ അടിസ്ഥാന സൗകര്യം പോലുമില്ല.ബജറ്റ് പ്രഖ്യാപനം പൊള്ളയെന്ന് KSU. ബിരുദ വിദ്യാർത്ഥികൾക്കുള്ള സൗജന്യ വിദ്യാഭ്യാസം, വിദ്യാർത്ഥികൾക്കുള്ള ആരോഗ്യ ഇൻഷുറൻസ് പ്രഖ്യാപനം പൊള്ള. അടിസ്ഥാന സൗകര്യമില്ലാതെ വിദ്യാർത്ഥികൾ എങ്ങനെ പഠിക്കുമെന്നും KSU സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ ചോദിച്ചു.പച്ചില കാട്ടി വിദ്യാർത്ഥികളെ കബളിപ്പിക്കുന്നു. ലക്ഷക്കണക്കിന് വിദ്യാർഥികൾ നാടുവിട്ടു വിദേശത്തേക്ക് പോകുന്നു. പ്രശ്നങ്ങളെ അഭിമുഖീകരിക്കാതെയാണ് സർക്കാർ വാഗ്ദാനങ്ങൾ നൽകുന്നത്. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ വിറ്റു തുലക്കുന്നു. സർക്കാർ കോളജുകളിൽ പ്രിൻസിപ്പൽമാരെ ആദ്യം വെക്കൂ, എന്നിട്ട് മതി ബാക്കി വാഗ്ദാനമെന്നും അലോഷ്യസ് സേവ്യർ വിമർശിച്ചു.
സൗജന്യ വിദ്യാഭ്യാസം കൊടുക്കുന്നതിൽ ഞങ്ങൾ എതിർക്കില്ല. പക്ഷേ സംസ്ഥാന സർക്കാരിന് കെൽപ്പില്ല. സർക്കാർ പ്രഖ്യാപനങ്ങളിൽ വിശ്വാസമില്ല. ജെൻസി യാത്രയിൽ കോളേജുകളിലെ അപര്യാപ്തതയെ സംബന്ധിച്ച് പഠിച്ച റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. അടുത്തുവരുന്ന യുഡിഎഫ് സർക്കാർ വിഷയം പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി.
നിയമസഭാ തിരഞ്ഞെടുപ്പിൽ കെഎസ്‌യുവിന്റെ സീറ്റ് ആവശ്യം നിയമസഭ തെരഞ്ഞെടുപ്പ് സമിതിക്ക് മുമ്പിൽ പറഞ്ഞിട്ടുണ്ട്. തീരുമാനിക്കേണ്ടത് കെപിസിസി. കെഎസ്‌യുവിന്റെ ആവശ്യം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി.






