Headlines

‘സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു’; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി ധനമന്ത്രി

ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നുവെന്ന് പറഞ്ഞ ധനമന്ത്രി സാമ്പത്തിക അവഗണനയ്‌ക്കെതിരെ ജനങ്ങളുടെ പ്രതിഷേധം ബജറ്റില്‍ രേഖപെടുത്തുന്നുവെന്നും വ്യക്തമാക്കി. സംസ്ഥാനങ്ങളുടെ സാമ്പത്തിക അവകാശങ്ങള്‍ക്കു മേലുള്ള കേന്ദ്ര കടന്നു കയറ്റത്തിന് എതിരെയാണ് ഇനിയുള്ള നാളുകളില്‍ പോരാടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.കേരളത്തില്‍ അര്‍ഹതപ്പെട്ട 17000 കോടി രൂപ കേന്ദ്രം വെട്ടിക്കുറച്ചു. സംസ്ഥാനത്തിന് അവകാശപ്പെട്ട 17,000 കോടി രൂപ ഈ വര്‍ഷം മാത്രം വെട്ടിക്കുറച്ചു. തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് കേന്ദ്രം പിന്മാറുകയാണ്. തൊഴിലുറപ്പ് പദ്ധതിയുടെ അവസാനത്തിന്റെ ആരവം കുറിച്ചു കഴിഞ്ഞു. തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പിന് 2000 കോടി അധികമായി കണ്ടെത്തേണ്ട സ്ഥിതിയാണ് – അദ്ദേഹം പറഞ്ഞു.

കേന്ദ്രാവിഷ്‌കൃത പദ്ധതിയിലെ കേന്ദ്ര വിഹിതം വെട്ടിക്കുറച്ചു. സംസ്ഥാനത്തിന്റെ വായ്പ പരിധിയില്‍ വലിയ വെട്ടിക്കുറവ് ഉണ്ടായി. ജിഎസ്ടി നിരക്ക് കേന്ദ്രം ഏകപക്ഷീയമായി വെട്ടികുറക്കുന്നു. സംസ്ഥാനം ആവശ്യപ്പെടുന്ന നഷ്ടപരിഹാരം നല്‍കുന്നില്ല – അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തില്‍ നിന്നുള്ള ആനുകൂല്യം വാങ്ങിയെടുക്കുന്നതില്‍ ഒത്തൊരുമ ഇല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. കേന്ദ്ര അവഗണനയുടെ വാര്‍ത്ത വരുമ്പോള്‍ ആഘോഷിക്കുന്നവര്‍ നമ്മുടെ കൂട്ടത്തിലുണ്ട്. പ്രകൃതി ദുരന്തത്തിലും ഈ അവഗണന കണ്ടു- ധനമന്ത്രി പറഞ്ഞു.

കടുത്ത അവഗണന ഇല്ലായിരുന്നില്ലെങ്കില്‍ കേരളം എത്രത്തോളം ഉയരും എന്നതാണ് ചോദിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര അവഗണനക്കിടയിലും പിടിച്ചുനിര്‍ത്താനായത് അധിക വരുമാനം പിരിച്ചെടുക്കാന്‍ സാധിച്ചത് കൊണ്ടാണ്. ധനമന്ത്രിയുടെ കൈയിലെ മാന്ത്രിക ദണ്ഡ് അതായിരുന്നു – അദ്ദേഹം പറഞ്ഞു.