Headlines

രാഷ്ട്രീയ നേതാക്കൾ മുതൽ സംയുക്ത സൈനികമേധാവി വരെ; ആകാശയാത്രയിൽ ജീവൻ പൊലിഞ്ഞവർ

ആകാശദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട പ്രമുഖർ നിരവധിയാണ്. 1945-ൽ തായ്‍വാനിലുണ്ടായ വിമാനാപകടത്തിൽ നേതാജി സുഭാഷ് ചന്ദ്രബോസിനെ കാണാതായതാണ് പ്രധാനസംഭവങ്ങളിലൊന്ന്. അപകടത്തിൽ നേതാജി മരിച്ചെന്നും ഇല്ലെന്നും വാദങ്ങളുണ്ട്. 1966-ലാണ് ഇന്ത്യൻ ആണവ പദ്ധതിയുടെ പിതാവ് ഹോമി ജെ ഭാഭ സ്വിറ്റ്സർലൻഡിലെ ആൽപ്സ് പർവത നിരയിൽ എയർ ഇന്ത്യാ വിമാനം തകർന്നുവീണ് കൊല്ലപ്പെട്ടത്. വിമാനം പറത്തുന്നതിനിടെ, അപകടത്തിൽപ്പെട്ട് കോൺഗ്രസ് നേതാവും ഇന്ദിരാഗാന്ധിയുടെ മകനുമായ സഞ്ജയ് ഗാന്ധി മരിച്ചത് രാജ്യത്തെ ഞെട്ടിച്ചു.1980 ജൂൺ 23-നായിരുന്നു ഡൽഹി സഫ്ദർജങിലെ ഫ്ളൈയിെങ് ക്ലബിലെ ആ ദുരന്തം. പഞ്ചാബ് ഗവർണറായിരിക്കെ 1994 ൽ ഹിമാചൽ പ്രദേശിലുണ്ടായ വിമാന അപകടത്തിലാണ് സുരേന്ദ്രനാഥും ഒമ്പത് കുടുംബാംഗങ്ങളും കൊല്ലപ്പെട്ടത്. കോൺഗ്രസിന്റെ ദേശീയ മുഖങ്ങളിൽ ഒരാളായിരുന്ന മാധവറാവുവിന്റെ ജീവൻ കവർന്നത് കാൺപൂരിലെ വിമനാപകടമാണ്. 2001-ൽ രാഷ്ട്രീയ റാലിയിൽ പങ്കെടുക്കാനുള്ള യാത്രാമധ്യേയായിരുന്നു അപകടം. ലോക്സഭാ സ്പീക്കറായിരുന്ന ജി എം സി ബാലയോഗി ഹെലികോപ്റ്റർ അപകടത്തിലാണ് മരിച്ചത്. 2002 മാർച്ചിലായിരുന്നു ആന്ധ്രയിലെ കൈകല്ലൂരിലുണ്ടായ അപകടം.

നടിയും ബിജെപി നേതാവുമായ സൗന്ദര്യ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചെറുവിമാനം തകർന്നാണ് മരിച്ചത്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരിക്കെയാണ് വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവനെടുത്ത ഹെലികോപ്റ്റർ ദുരന്തം. നല്ലമല വനമേഖലയിലൂടെ കടന്നുപോകുമ്പോൾ മോശം കാലാവസ്ഥയെതുടർന്നായിരുന്നു അപകടം. 2011 ഏപ്രിൽ മുപ്പതിനായിരുന്നു അരുണാചൽ പ്രദേശ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ദോർജി ഖണ്ഡുവും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നുവീണത്.

ആകാശദുരന്തത്തിലായിരുന്നു രാജ്യത്തിന്റെ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് കൊല്ലപ്പെട്ടത്. തമിഴ്നാട്ടിലെ കൂനൂരിലായിരുന്നു ഹെലികോപ്റ്റർ അപകടം. ഇക്കഴിഞ്ഞ വർഷം രാജ്യത്തെ ഞെട്ടിച്ച വിമാനപകടത്തിൽ മരിച്ച 260 പേരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും ഉണ്ടായിരുന്നു. ഇപ്പോൾ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനും ആകാശദുരന്തത്തിൽ ജീവൻ നഷ്ടമായി.