Headlines

രാജാ രണ്‍ധീര്‍ സിങ് സ്ഥാനമൊഴിയുന്നു; ഒ.സി.എയ്ക്ക് ഇനി പുതിയ സാരഥി

സ്‌പോര്‍ട്‌സ് സംഘാടക രംഗത്ത് ഒരു യുഗം അവസാനിക്കുന്നു. ഇന്ത്യയില്‍ സ്‌പോര്‍ട്‌സ് വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച പട്യാല രാജകുടുംബത്തിലെ മൂന്നാം തലമുറയും വിരമിക്കുന്നു. കാലാവധി തീരാന്‍ രണ്ടുവര്‍ഷത്തിലധികം ബാക്കി നില്‍ക്കെ രാജാരണ്‍ധീര്‍ സിങ് ഒളിംപിക് കൗണ്‍സില്‍ ഓഫ് ഏഷ്യയുടെ പ്രസിഡന്റ് സ്ഥാനം ഇന്ന് ഒഴിയും. അനാരോഗ്യമാണു കാരണം. താഷ്‌കന്റില്‍ നക്കുന്ന ഒ.സി.എ. ജനറല്‍ അസംബ്ലി ഇന്നു പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കും. ഖത്തര്‍ ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് ഷെയ്ക്ക് ജൊയാന്‍ ബിന്‍ ഹമദ് അല്‍താനി ആയിരിക്കും പുതിയ സാരഥി. അദ്ദേഹം മാത്രമാണ് മത്സരരംഗത്തുള്ളത്. (Olympic Council Of Asia Chief Randhir Singh Ailing).ന്യൂഡല്‍ഹിയില്‍ 2024 സെപ്റ്റംബറില്‍ നടന്ന നാല്പത്തിനാലാമത് ജനറല്‍ അംസംബ്ലിയിലാണ് രാജാ രണ്‍ധീര്‍ സിങ് ഒളിംപിക് കൗണ്‍സില്‍ ഓഫ് ഏഷ്യ പ്രസിഡന്റായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. ഈ സ്ഥാനത്ത് എത്തിയ ആദ്യ ഇന്ത്യക്കാരനാണ് അദ്ദേഹം. നാലുവര്‍ഷത്തെ കാലാവധി 2028 വരെയുണ്ട്. എന്നാല്‍ ആരോഗ്യ പ്രശ്നങ്ങള്‍ മൂലം കുറച്ചുനാളായി രണ്‍ധീര്‍ സിങ്ങിന് ചുമതല വഹിക്കുവാന്‍ സാധിച്ചിരുന്നില്ല. നേരത്തെ 2021ല്‍ രണ്‍ധീര്‍ സിങ് താല്‍ക്കാലിക പ്രസിഡന്റായി ചുമതലയേറ്റിരുന്നു.കുവൈറ്റ് ഷെയ്ക്ക് അഹമ്മദ് അല്‍ ഫഹദ് അല്‍ സബായെ ധാര്‍മികത ലംഘിച്ചെന്ന പേരില്‍ പുറത്താക്കിയപ്പോഴാണ് രണ്‍ധീര്‍ സിങ് താല്‍ക്കാലിക പ്രസിഡന്റായത്. ഷെയ്ക്ക് അഹമ്മദ് അല്‍ ഫഹദ് അല്‍സബായെ പിന്നീട് 15 വര്‍ഷത്തേക്കു സസ്പെന്‍ഡ് ചെയ്തിരുന്നു. 2023 ല്‍ ചൈനയിലെ ഹാങ്ചോയില്‍ ഏഷ്യന്‍ ഗെയിംസ് നടന്നപ്പോള്‍ രാജാ രണ്‍ധീര്‍ ആയിരുന്നു ഒ.സി.എ. സാരഥി. അന്ന് അദ്ദേഹവും ചൈനീസ് പ്രസിഡന്റ് ഷിജിന്‍ പിങ്ങും ഒരുമിച്ചുള്ള ഫോട്ടോ ചൈനയിലെ പത്രങ്ങള്‍ ഒന്നാം പേജില്‍ കൊടുത്തത് ഓര്‍ക്കുന്നു.1987 മുതല്‍ 2012 വരെ ഇന്ത്യന്‍ 2014 വരെ രാജ്യാന്തര ഒളിംപിക് കമ്മിറ്റിയില്‍ അംഗം. പിന്നീട് ഐ.ഒ.സി. അദ്ദേഹത്തെ ആജീവനാന്ത ഓണററി അംഗമാക്കി, ഒ.സി.എ. സാരഥിയായി 17 മാസം മാത്രമാണ് അദ്ദേഹത്തിനു ലഭിച്ചത്. ഈ വര്‍ഷം ജപ്പാനില്‍ ഏഷ്യന്‍ ഗെയിംസ് നടക്കാനിരിക്കെയാണ് രണ്‍ധീര്‍ സിങ് സ്ഥാനമൊഴിയുന്നത്.

പട്യാല മഹാരാജാവ് ഭൂപീന്ദര്‍ സിങ്ങിന്റെ പുത്രന്‍ രാജാ ഭലീന്ദര്‍ സിങ്ങിന്റെ പുത്രനാണ് രാജാ രണ്‍ധീര്‍ സിങ്. ആറ് ഒളിംപിക്സില്‍ ഇന്ത്യന്‍ ടീമില്‍ അംഗമാകുകയും അഞ്ച് ഒളിംപിക്സില്‍ പങ്കെടുക്കുകയും ചെയ്ത രാജാ രണ്‍ധീര്‍ സിങ് ആണ് ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ്ങില്‍ മെഡല്‍ നേടിയ (ട്രാപ് ഷൂട്ടിങ്ങ്) ആദ്യ ഇന്ത്യക്കാരന്‍.1994 ല്‍ ഹിരോഷിമ ഏഷ്യന്‍ ഗെയിംസ് വേളയിലാണ് അദ്ദേഹത്തെ പരിചയപ്പെട്ടത്. ഏറ്റവും ഒടുവില്‍ കണ്ടത് 2023 ല്‍ ഹാങ്ചോ ഏഷ്യന്‍ ഗെയിംസില്‍. ഹിരോഷിമയില്‍ ജസ്പാല്‍ റാണ സ്വര്‍ണ്ണം നേടിയപ്പോള്‍ തുള്ളിച്ചാടിയ രാജാ രണ്‍ധീര്‍ സിങ് അറ്റ്ലാന്റ ഒളിംപിക്സില്‍ ലിയാന്‍ഡര്‍ പെയ്സ് വെങ്കലം നേടിയപ്പോള്‍ എന്നെ കെട്ടിപ്പിടിച്ച് ആഹ്ലാദം പ്രകടിപ്പിച്ചത് ഓര്‍ക്കുന്നു. ഒളിംപിക്സ് ആയാലും ഏഷ്യന്‍ ഗെയിംസ് ആയാലും എല്ലാ വേദികളിലും അദ്ദേഹം എത്തിയിരുന്നു.