പൊലീസ് സ്റ്റേഷന് മുന്നിൽ പൊലീസുകാരുടെ പരസ്യ മദ്യപാനം. കഴക്കൂട്ടം പൊലീസ് സ്റ്റേഷന് തൊട്ടുമുന്നിലെ റോഡരികില്‍ നിര്‍ത്തിയിട്ട വാഹനത്തിലായിരുന്നു പൊലീസുകാരുടെ കൂട്ട മദ്യപാനം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പടെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. തങ്ങള്‍ക്ക് ഒരുതരത്തിലുള്ള നിയമം ബാധകമല്ലെന്ന തരത്തിലായിരുന്നു പൊലീസുകാരുടെ പ്രവൃത്തി.പൊലീസ് സ്റ്റേഷനിലെത്തിയ പരാതിക്കാരനാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. മദ്യപിച്ച് വാഹനം ഓടിക്കുക, പൊതുസ്ഥലത്ത് വാഹനത്തില്‍ വച്ച് മദ്യപിക്കുകയെന്നത് ക്രിമിനല്‍ കുറ്റമായിരിക്കെയാണ് പൊലീസുകാരുടെ പ്രവൃത്തി. സംഭവം വാര്‍ത്തയായതോടെ പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടു,
ആറുപേരും കഴക്കൂട്ടം സ്റ്റേഷനിലെ സിപിഒമാരാണ്. വിവാഹ സല്‍ക്കാരത്തിനു പോകുന്നതിനു മുന്നോടിയായി ആയിരുന്നു മദ്യപാനം. വാഹനമോടിക്കുന്ന സിപിഒ അടക്കമുള്ളവര്‍ മദ്യപിക്കുന്നത് ദൃശ്യത്തില്‍ വ്യക്തമാണ്. മദ്യപിച്ച ശേഷം ഇതേ വാഹനത്തിലാണ് ഇവര്‍ വിവാഹ സല്‍ക്കാരത്തിനായി പോയത്.







