ബട്ട് വൈ ? ഒരു ജീവിതകാലം മുഴുവൻ ഒപ്പമുണ്ടായിരുന്ന തന്റെ കൂട്ടത്തെ എന്നന്നേയ്ക്കുമായി ഉപേക്ഷിച്ച് ഒരു പെൻഗ്വിൻ ഒറ്റയ്ക്ക് അങ്ങകലെ കണ്ണെത്താ ദൂരത്തുള്ള പർവത നിരകൾ ലക്ഷ്യമാക്കി അതിന്റെ കുഞ്ഞിക്കാലുകൾ വെച്ച് നടന്നും ഇഴഞ്ഞും നീങ്ങുന്ന ഒരു വീഡിയോ. ആ വീഡിയോ ശകലം but why എന്ന ചോദ്യത്തിനുള്ള ഉത്തരത്തിനായി ഇപ്പോൾ നമ്മുടെ സോഷ്യൽ മീഡിയയുടെ തല പുകയ്ക്കുകയാണ്.വിശ്വവിഖ്യാതനായ സിനിമാ സംവിധായകൻ വെർണ്ണർ ഹെർസോഗ് 2007ൽ സംവിധാനം ചെയ്ത ‘എൻകൗണ്ടേഴ്സ് അറ്റ് ദി ഏൻഡ് ഓഫ് ദി വേൾഡ്’ എന്ന നേച്ചർ ഡോക്യുമെന്ററി ഒരു ചെറിയ ഭാഗമാണ് ഈ പെൻഗ്വിൻ ഫുട്ടേജ്. ഡോക്യൂമെന്ററിയിൽ വെർണർ ഹെർസോഗ്, ഒപ്പമുള്ള സയന്റിസ്റ്റ് ഡോക്ടർ ഡേവിഡ് ഐൻലിയോട് ചോദിക്കയാണ്.
“ഈ പെൻഗ്വിനുകൾക്ക് ഭ്രാന്ത് വരുമോ’? മറുപടിയായി ഡേവിഡ് ഐൻലി പറയുന്നു ‘അതിപ്പോ പെൻഗ്വിനോന്നും കല്ലിൽ തലയിട്ട് അടിക്കുന്നതൊന്നും ഞാൻ കണ്ടിട്ടില്ല, പക്ഷെ ചിലപ്പോൾ ചില പെൻഗ്വിനുകൾ കൂട്ടത്തിൽ നിന്നും മാറി നടന്ന്, അവ ഒരിക്കലും ചെന്ന് പെടാൻ പാടില്ലാത്ത സമുദ്ര സാമീപ്യമില്ലാത്ത ഇടങ്ങളിലേക്ക് ഒറ്റയ്ക്ക് നടന്നു പോകാറുണ്ട് “.
അപൂർവമായി ഇങ്ങനെ ചില പെൻഗ്വിനുകൾ കൂട്ടം തെറ്റിച്ച് സ്വന്തം സമൂഹത്തെയും ആവാസവ്യവസ്ഥയെയും, ഉപേക്ഷിച്ച് പോകാറുണ്ട്. ഏതായാലും ആ അയാത്രയുടെ ഉദ്ദേശത്തിനുള്ള സാദ്ധ്യതകൾ അല്ലാതെ കൃത്യമായൊരു ഉത്തരം ശാസ്ത്രത്തിന്റെ പക്കലില്ല. തങ്ങളുടെ ഡോക്യൂമെന്ററിയിൽ ഈ പ്രതിഭാസത്തിന്റെ ഒരു ഫുട്ടേജ് ഹെർസോഗിനും സംഘത്തിനും കിട്ടി.പെൻഗ്വിൻ കൂട്ടത്തെ നിരീക്ഷിച്ച് ദൃശ്യങ്ങൾ പകർത്തിക്കൊണ്ടിരിക്കുമ്പോൾ അതിലൊരാൾ നിന്നിടത്തു തന്നെ അനങ്ങാതെ നിൽക്കുന്നു. ഒപ്പമുള്ള മറ്റ് പെൻഗ്വിനുകളെല്ലാം നടന്ന് അകന്നപ്പോഴും ആ ഒരാൾ മാത്രം അവിടെ നിൽപ്പുറപ്പിച്ചു. നടന്നു നീങ്ങിയ തന്റെ കൂട്ടരെയും ചുറ്റുപാടിനെയും അൽപനേരം ഒന്ന് നോക്കുന്നു. എന്നിട്ട് പതിയെ തിരിഞ്ഞു നടപ്പ് ആരംഭിക്കുന്നു ആ ദിശയിൽ ആകെ കാണാവുന്നത് മഞ്ഞിന്റെ പരപ്പും അങ്ങകലെ പർവത നിരകളും മാത്രം. കാണാവുന്ന ഏക ലക്ഷ്യസ്ഥാനമായ അവിടേയ്ക്ക് 70 ൽ അധികം കിലോമീറ്ററാണ് ദൂരം.
ആ പെൻഗ്വിനെ എടുത്ത് കൂട്ടത്തോടൊപ്പം ചേർക്കാനുള്ള ഹെർസോഗിനൊപ്പമുള്ളവരുടെ ശ്രമത്തെ വിഫലമാക്കി അത് വീണ്ടും അതേ വിദൂരതയിലേക്ക് യാത്ര തുടർന്നു. ആ ദൂരം വെച്ച് എന്തായാലും ആ പെൻഗ്വിൻ ലക്ഷ്യ സ്ഥാനത്ത് എത്തില്ലെന്ന് ഉറപ്പ്, എന്നിട്ടും പെൻഗ്വിൻ നിൽക്കാതെ പൊയ്ക്കൊണ്ടിരിക്കുന്നു. ഈ ദൃശ്യ ശകലം ഡോക്യൂമെന്ററി ഇറങ്ങിയ കാലം മുതലേ ശ്രദ്ധ നേടിയ ഒന്ന് തന്നെയാണ്, എന്നാൽ കഴിഞ്ഞ ദിവസം വീണ്ടും സോഷ്യൽ മീഡിയയിൽ നൈലിസ്റ്റ് പെൻഗ്വിൻ എന്ന പേരിൽ വൈറൽ ആയി. എവിടെ നോക്കിയാലും പെൻഗ്വിൻ വിഡിയോകൾ.
തുടർന്ന് കണ്ടത് പെൻഗ്വിന്റെ ആ ‘ഒരുപോക്കിനെ ‘തങ്ങളുടേതായ രീതിയിൽ ലോകമെങ്ങുമുള്ള കാഴ്ചക്കാർ വ്യാഖ്യാനിക്കുന്നതായിരുന്നു. പെൻഗ്വിൻ ഒരു നൈലിസ്റ്റ് ആണെന്നതാണ് ആദ്യത്തേത്. അതായത് ജീവിതത്തിന് മനുഷ്യർ കൽപ്പിച്ച് നൽകുന്നത് പോലെ പ്രത്യേക പർപ്പസോ, അർത്ഥമോ ഒന്നും തന്നെയില്ല എന്ന ഫ്രഡറിക്ക് നീഷേയുടെ ഫിലോസഫിയാണ് പെൻഗ്വിൻ ഫോളോ ചെയ്യുന്നത്. മറ്റ് ചിലർ പറയുന്നു സംഗതി നേരെ മറിച്ചാണ് പുള്ളിക്കാരൻ എക്സിസ്റ്റെൻഷ്യലിസ്റ്റാണ്.
അതായത് ജീവിതത്തിന്റെ അർത്ഥവും ലക്ഷ്യവും ഉത്തരവാദിത്വവും സ്വയം കണ്ടെത്തി അതിന്റെ പിന്തുടരുകയാണ് പെൻഗ്വിൻ. താൻ തോറ്റു പോകുമായിരിക്കാം പക്ഷെ അറ്‌ലീസ്റ്റ്റ് താൻ ശ്രമിച്ചു എന്ന ചിന്ത. പുതിയൊരു കര അന്വേഷിച്ച് യാത്ര പുറപ്പെട്ട ആ പെൻഗ്വിനെ ഒരിടത്ത് ജീവനറ്റ് കിടക്കുന്നതായി കണ്ടെത്തി എന്ന രീതിയിൽ ചില വാർത്തകൾ പൊങ്ങി വന്നിരുന്നു. ഭാഷാഭേദമന്വേ പെൻഗ്വിൻ വീഡിയോയുടെയെല്ലാം കീഴിൽ വന്ന ഒരു കമന്റ് ഇതാണ്. അദേഴ്‌സ് സർവൈവ്ഡ് ബട്ട് ഹി ലിവ്ഡ്, ‘മറ്റുള്ളവർ അതിജീവിച്ചു, പക്ഷെ അവൻ ജീവിച്ചു’.
ശരിക്കുമത് സത്യമല്ലേ ഡോക്യൂമെറ്ററി റിലീസായി 19 വർഷം കഴിഞ്ഞിട്ടും ആ ജീവി നമ്മൾ മനുഷ്യർക്കും ഒരു പ്രചോദനമായി പ്രവർത്തിക്കുന്നു. നമ്മുടെയൊക്കെ തിരക്കേറിയ, വ്യവസ്ഥകളെ പിന്തുടർന്നുള്ള ജീവിതത്തിൽ ഓരോ മനുഷ്യനും എപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുണ്ടാവാം ആ നിര തെറ്റിച്ച് ഒരു യാത്ര, മറ്റ് എവിടെയെങ്കിലും സമാധാനമുള്ളൊരു ജീവിതം.
ആ അഭിലാഷമാവാം മരണം മുന്നിൽ കണ്ടും ലക്ഷ്യത്തിലേക്ക് വെച്ച് പിടിച്ച ആ പെൻഗ്വിനിൽ തങ്ങളെ തന്നെ കാണാൻ ആളുകളെ പ്രേരിപ്പിച്ചത്. ആ വീഡിയോ കണ്ടപ്പോൾ ഓർമ്മ വന്നത് ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രത്തിലെ ഒരു ഡയലോഗാണ്. ‘ജീവിതം മറ്റൊരിടത്താണ്’. പെൻഗ്വിന്റെ ആ യാത്രയെ നിങ്ങൾ എങ്ങനെയാണു വ്യാഖ്യാനിക്കുന്നത്?






