സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഏകോപനച്ചുമതല രമേശ് ചെന്നത്തലയ്ക്ക് കൈമാറുമെന്നുള്ള സൂചനകളാണ് ഡൽഹിയിൽ നിന്നും ലഭ്യമാവുന്നത്. വി ഡി സതീശൻ, കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ് എന്നിവർ വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും ധാരണയായി. കെ പി സി സി അധ്യക്ഷസ്ഥാനത്തേക്ക് താൽക്കാലികമായി മറ്റൊരാൾ വരും. എം പി മാരിൽ ആരെങ്കിലും മത്സരിക്കുമോ എന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. എന്നാൽ കെ സുധാകരന് കണ്ണൂരിൽ മത്സരിക്കാൻ അനുമതി നൽകുമോ എന്നതിൽ വ്യക്തതയില്ല.നിലവിൽ രമേശ് ചെന്നിത്തലയ്ക്ക് പാർട്ടിയിൽ ചുമതലകൾ ഉണ്ടായിരുന്നില്ല. പ്രചരണവിഭാഗം കൺവീനർ എന്ന ചുമതലയിലേക്ക് ചെന്നിത്തല എത്തുമ്പോൾ നേതാക്കളെല്ലാം ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടും. പ്രശ്‌നങ്ങൾക്കിടയില്ലാതെ സീറ്റുവിഭജന ചർച്ചകൾ അവസാനിപ്പിക്കണമെന്നും, കൂട്ടായ്മയിലൂടെ സ്ഥാനാർഥി നിർണയം പൂർത്തിയാക്കണമെന്നും എ ഐ സി സി നേതൃത്വം കെ പി സി സി ക്ക് നിർദേശം നൽകിയിരിക്കയാണ്. ഘടകകക്ഷികളുമായുള്ള സീറ്റുവിഭജന ചർച്ചകൾ ഉടൻ ആരംഭിക്കും.
വി ഡി സതീശന്റെ ജനപിന്തുണ വർധിച്ച സാഹചര്യത്തിൽ ചെന്നിത്തലയ്ക്ക് പരിഗണനകൾ കുറഞ്ഞാൽ അത് പാർട്ടിയിൽ ഒരു ശീതസമരത്തിന് വഴിയൊരുക്കും. ഈയൊരു സാഹചര്യത്തിലാണ് പ്രചരണസമിതി കൺവീനർ സ്ഥാനത്തേക്ക് ചെന്നിത്തലയെ കൊണ്ടുവരുന്നത്. എസ് എൻ ഡി പി, എൻ എസ് എസ് ജനറൽ സെക്രട്ടറിമാർ സംഘടിതമായാണ് പ്രതിപക്ഷനേതാവിനെതിരെ ആരോപണവുമായി രംഗത്തുവന്നത്. രമേശ് ചെന്നിത്തലയെ പ്രകീർത്തിക്കുകയും വി ഡി സതീശനെ വിമർശിക്കുകയും ചെയ്തുള്ള ഈ നീക്കത്തെ എ ഐ സി സി നേതൃത്വം വളരെ കരുതലോടെയാണ് നോക്കിക്കാണുന്നത്.
സിറ്റിംഗ് സീറ്റുകളിൽ എം എൽ എമാരെല്ലാം മത്സരിക്കാനാണ് തീരുമാനം. മത്സരരംഗത്തേക്കില്ലെന്ന നിലപാട് വ്യക്തമാക്കിയ തൃപ്പൂണിത്തുറ എം എൽ എ കെ ബാബുവിന് പകരം തൃപ്പൂണിത്തുറയിലും രാഹുൽ മാങ്കൂട്ടത്തിലിന്റെ സീറ്റായ പാലക്കാടും പുതുമുഖങ്ങൾ വരും. മറ്റു സീറ്റുകളിൽ ആരൊക്കെ മത്സരിക്കുമെന്ന് ഉടൻ പ്രഖ്യാപനമുണ്ടാവും. ഡൽഹിയിലെ എ ഐ സി സി ആസ്ഥാനത്ത് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന നേതാക്കളുമായുള്ള കൂടിക്കാഴ്ച അവസാനിച്ചു. സ്ഥാനാർഥികളെക്കുറിച്ചുള്ള ഏകദേശ ധാരണ കോൺഗ്രസ് ഹൈക്കമാൻഡിന് കൈമാറിയിരിക്കുകയാണ്.
അതേസമയം തിരുവനന്തരപുരം എം പിയായ ശശി തരൂർ വീണ്ടും നേതൃത്വവുമായി പിണങ്ങിയത് കോൺഗ്രസ് ക്യാമ്പിനെ പ്രതിരോധത്തിലാക്കി. മോദി സ്തുതികൾ തുടർന്നതിനെ തുടർന്ന് കോൺഗ്രസ് നേതൃത്വവുമായി അകന്നുനിൽക്കുകയായിരുന്നു ശശി തരൂർ. എന്നാൽ കഴിഞ്ഞയാഴ്ച വയനാട്ടിൽ നടന്ന പ്രവർത്തക സമിതിയിയോഗത്തിൽ തരൂർ പങ്കെടുത്തതോടെ കോൺഗ്രസ് നേതാക്കളുടെ ആശങ്കയൊഴിഞ്ഞു. പരസ്യമായി കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് ലേഖനങ്ങൾ എഴുതിയ തരൂരിനെതിരെ കോൺഗ്രസ് ഹൈക്കമാൻഡും രംഗത്തെത്തി. എന്നാൽ വയനാട് മീറ്റിംഗിൽ പങ്കെടുക്കാനായി വിയോജിപ്പുകളെല്ലാം മാറ്റിവച്ച് തരൂർ എത്തിയത് കോൺഗ്രസ് പ്രവർക്കർക്കിടിയിലും ആവേശമായിമാറിയിരുന്നു. എന്നാൽ വീണ്ടും എ ഐ സി സിയുമായി പിണങ്ങിയത് തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾൾക്ക് കല്ലുകടിയായിമാറി.കഴിഞ്ഞ ദിവസം എറണാകുളത്ത് നടന്ന കോൺഗ്രസ് മഹാപഞ്ചായത്തിൽ പ്രസംഗിച്ച രാഹുൽ ഗാന്ധി പ്രസംഗത്തിൽ പേര് സ്പർശിക്കാതിരുന്നത് തരൂരിനെ ചൊടിപ്പിച്ചിരിക്കയാണ്. മനപൂർവം താൻ ആരുടേയും പേര് സ്മർശിക്കാതിരുന്നിട്ടില്ലെന്നും, പേപ്പറിൽ പേരില്ലാതിരുന്നതിനാലാണ് വായിക്കാതിരുന്നതെന്നുമാണ് രാഹുൽ ഗാന്ധിയുടെ വിശദീകരണം. കേരളത്തിലെ സമുന്നതനായൊരു നേതാവ് എന്ന നിലയിൽ ലഭിക്കേണ്ട പരിഗണന തനിക്ക് ലഭിച്ചില്ലെന്നാണ് തരൂരിന്റെ ആരോപണം. വിയോജിപ്പുള്ള ശശി തരൂർ ഡൽഹിയിൽ നടന്ന കോൺഗ്രസ് നേതാക്കളുടെ യോഗത്തിൽ എത്തിയില്ല. കേരളത്തിൽ നിന്നുള്ള പ്രമുഖ നേതാക്കളെല്ലാം യോഗത്തിൽ പങ്കെടുക്കാനായി എത്തിയിരുന്നുവെങ്കിലും തരൂർ യോഗത്തിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു.
താൻ മോദി സ്തുതി നടത്തിയിട്ടില്ലെന്നും, പഹൽഗാം അക്രമത്തിന്റെ കാര്യത്തിൽ മാത്രമാണ് താൻ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നതെന്നും പാർലമെന്റിൽ ഒരിക്കലും താൻ കോൺഗ്രസ് നയങ്ങൾക്കപ്പുറത്തേക്ക് പോയിരുന്നില്ലെന്നും തരൂർ സോഷ്യൽ മീഡയയിൽ കുറിച്ചു. കോൺഗ്രസുമായുള്ള ബന്ധത്തിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടെന്ന് വെളിപ്പെടുത്തുന്നതാണ് തരൂരിന്റെ ഈ പോസ്റ്റ്.







