Headlines

ആദ്യജയത്തില്‍ ടീം ഇന്ത്യക്ക് ആത്മവിശ്വാസം; ന്യൂസിലാന്‍ഡുമായുള്ള രണ്ടാം ട്വന്റി ട്വന്റി ഇന്ന്

ന്യൂസിലാന്‍ഡുമായുള്ള ട്വന്റി ട്വന്റി പരമ്പരയില്‍ ആദ്യ മത്സരം കൂറ്റന്‍ സ്‌കോര്‍ നേടി വിജയിച്ചതിന്റെ ആത്മവിശ്വാസത്തില്‍ ടീം ഇന്ത്യ ഇന്ന് രണ്ടാം മാച്ചിനിറങ്ങും. റായ്പൂരില്‍ വൈകുന്നേരം ഏഴിനാണ് മത്സരം തുടങ്ങുക. ഒരു റണ്ണിനിടെ രണ്ട് വിക്കറ്റ് നഷ്ടമാകുന്ന സാഹചര്യത്തിലും വീറോടെ പൊരുതിയ ആത്മവിശ്വാസം ന്യൂസിലാന്‍ഡ് രണ്ടാം ട്വന്റി ട്വന്റിയിലും തുടര്‍ന്നാല്‍ മത്സരം തീപാറും. ബാറ്റിങ്ങില്‍ തകര്‍പ്പന്‍ ഫോം തുടരുന്ന അഭിഷേക് ശര്‍മ്മക്കൊപ്പം മലയാളി താരം സഞ്ജു സാംസണ്‍ കൂടി ഫോമിലേക്ക് ഉയര്‍ന്നാല്‍ ഇന്നത്തെ മത്സരത്തിലും ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാകും. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ടീമിലേക്ക് തിരികെ എത്തിയതും റിങ്കു സിംഗിന്റെ ഫിനിഷിങ് മികവിലും പ്രതീക്ഷ ഏറെയാണ്. ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിംഗ്, ഹര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവരടങ്ങിയ ബൗളിങ് നിര ശക്തമാണ്. അതിനാല്‍ തന്നെ ഇന്നത്തെ മത്സരത്തില്‍ ഇതില്‍ ഒരു മാറ്റത്തിന് സാധ്യതയില്ല. ഡെവോണ്‍ കോണ്‍വെ, രചിന്‍ രവീന്ദ്ര, ഡാരന്‍ മിച്ചല്‍ തുടങ്ങിയ താരങ്ങള്‍ ഫോമിലേക്ക് ഉയര്‍ന്നാല്‍ മാത്രമെ ന്യൂസിലാന്‍ഡിന് പ്രതീക്ഷക്ക് വകയുള്ളു. ജേക്കബ് ഡെഫി, ജെമേഴ്‌സണ്‍, ഇഷ് സോദി, ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ എന്നിവരുടെ ബൗളിങിലെ മികവ് റായ്പൂരിലെ മത്സരത്തില്‍ കിവീസിന് നിര്‍ണായകമാണ്. ഏതായാലും പരമ്പരയില്‍ മേല്‍ക്കൈ നേടാന്‍ ഇന്ത്യ ശ്രമിക്കുമ്പോള്‍ അതിനെ ഏത് വിധത്തിലും തടയിടാനായിരിക്കും കിവീസിന്റെ ശ്രമം. ട്വന്റി ട്വന്റി ലോക കപ്പ് വരാനിരിക്കെ ഇരു ടീമുകള്‍ക്കും നിര്‍ണായകമായ മത്സരങ്ങളാണിത്.