കേരളത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരായിരിക്കുമെന്ന ചോദ്യത്തിന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ല. കോണ്‍ഗ്രസില്‍ അങ്ങനെയൊരു പതിവില്ലെന്നും, തിരഞ്ഞെടുപ്പിന് ശേഷം ഭൂരിപക്ഷം എംഎല്‍എമാരുടെ അഭിപ്രായം കേട്ട് ഹൈക്കമാന്റ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുകയാണ് പതിവെന്നുമാണ് നേതൃത്വം വ്യക്തമാക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യനായ നേതാവിനെ കണ്ടെത്താന്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വിദഗ്ധന്‍ സുനില്‍ കനഗോലു സര്‍വേ ഫലം കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ ഉണ്ടെങ്കിലും അത് പൊതുജനങ്ങള്‍ക്ക് മുന്നില്‍ എത്തിയിട്ടില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് ദേശീയ മാധ്യമമായ എന്‍ഡിടിവിയുടെ സര്‍വെ ഫലം പുറത്തുവന്നിരിക്കുന്നത്. കേരളത്തില്‍ സ്വാധീനമുള്ള നേതാക്കളെ കണ്ടെത്താനായിരുന്നു എന്‍ഡിടിവിയുടെ സര്‍വെ. (VD Satheesan leads in NDTV survey; relief for Congress).കേരളത്തില്‍ ഏറ്റവും ജനപ്രീതിയുള്ള നേതാവായി പ്രതിപക്ഷനേതാവ് വിഡി സതീശനെയാണ് സര്‍വെയിലൂടെ കണ്ടെത്തിയിരിക്കുന്നത്. രണ്ടാമത് മാത്രമേ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്ളൂ. കോണ്‍ഗ്രസില്‍ പിന്നീട് ജനസ്വാധീനമുള്ള നേതാവ് ഡോ. ശശി തരൂരാണ്. വിഡി സതീശന് 22 ശതമാനമാണ് പിന്തുണ. മുഖ്യമന്ത്രി പിണറായി വിജയനെ 18 ശതമാനം പേര്‍ പിന്തുണയ്ക്കുമ്പോള്‍ മുന്‍ പ്രതിപക്ഷനേതാവും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ രമേശ് ചെന്നിത്തലയുടെ പേരുപോലും ഇല്ലെന്നതാണ് കോണ്‍ഗ്രസില്‍ ചൂടേറിയ ചര്‍ച്ചാവിഷയം. കേരളത്തിന്റെ മുഖ്യമന്ത്രിയാവുകയെന്ന ഒറ്റ ലക്ഷ്യവുമായി തിരഞ്ഞെടുപ്പ് ഗോഥയില്‍ ഇറങ്ങുന്ന രമേശ് ചെന്നിത്തല ഈ സര്‍വേയുടെ പരിസരത്തുപോലും ഇല്ലെന്നതാണ് കോണ്‍ഗ്രസിലെ പുതിയ വിവാദം.കേരളത്തില്‍ തുടര്‍ഭരണം അവകാശപ്പെടുന്ന സിപിഐഎമ്മിന് എന്‍ഡിടിവി സര്‍വെ ഫലത്തോട് അത്ര താത്പര്യമില്ല. ഭരണവിരുദ്ധ വികാരം അതിശക്തമാണെന്നാണ് എന്‍ഡിടിവിയുടെ സര്‍വേഫലം. ഇത് യുഡിഎഫിന് വലിയ ആശ്വാസം നല്‍കുമ്പോഴും നേതാക്കള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ഈ സര്‍വേ ഫലം കാരണമാവുമെന്ന ആശങ്കയാണ് ഉയരുന്നത്.ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് രമേശ് ചെന്നിത്തലയായിരുന്നു മുഖ്യമന്ത്രി സ്ഥാനാര്‍ഥി. നിരവധി ആരോപണങ്ങളായിരുന്നു പിണറായി സര്‍ക്കാരിന്റെ കാലത്ത് രമേശ് ചെന്നിത്തല ഉയര്‍ത്തിയത്. സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള നിരവധി അഴിമതിയാരോപണങ്ങള്‍ സര്‍ക്കാരിനെതിരെ ഉയര്‍ന്നു, സ്പിംഗ്ലര്‍ അഴിമതി, പ്രൈസ് വാട്ടര്‍കൂപ്പര്‍ കമ്പനിയുമായുള്ള അനധികൃത ഇടപാട് തുടങ്ങി നിരവധി വിവാദങ്ങള്‍ പൊതുജനങ്ങള്‍ക്കിടയിലേക്ക് കൊണ്ടുവന്ന പ്രതിപക്ഷനേതാവായിരുന്നു രമേശ് ചെന്നിത്തല. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ പ്രതീക്ഷകള്‍ അട്ടിമറിക്കപ്പെട്ടു. ചരിത്രത്തില്‍ ആദ്യമായി ഇടതുപക്ഷത്തിന് ഭരണതുടര്‍ച്ചയുണ്ടായി. ഇതോടെ, മുഖ്യമന്ത്രി കസേര ചെന്നിത്തലയുടെ ഒരു മോഹമായി അവസാനിച്ചെന്നു മാത്രമല്ല, കയ്യിലുണ്ടായിരുന്ന പ്രതിപക്ഷനേതാവിന്റെ കസേരയും നഷ്ടമായി. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം എല്‍ഡിഎഫ് മന്ത്രിസഭയെ നേരിടാനായി ഹൈക്കമാന്റ് കരുത്തനായ വിഡി സതീശനെ നിയോഗിച്ചു. എഐസിസിയുടെ ഈ തീരുമാനത്തിനെതിരെ കോണ്‍ഗ്രസില്‍ കടുത്ത പ്രതിഷേധം അലയടിച്ചു. അമരത്ത് നിന്നും മാറ്റി നിര്‍ത്തിയതില്‍ പ്രതിഷേധിച്ച് രമേശ് ചെന്നിത്തല നേതൃത്വുമായി അകന്നു. കെപിസിസി അധ്യക്ഷ പദവിയിലുണ്ടായ മാറ്റത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിഷേധവുമായി രംഗത്തെത്തി.
കെപിസിസി അധ്യക്ഷനായിരുന്ന ചെന്നിത്തല, ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ ആഭ്യന്തര വകുപ്പ് മന്ത്രിയുമായിരുന്നു. പിന്നീടാണ് പ്രതിപക്ഷനേതാവായത്. തുടര്‍ന്ന് മുഖ്യമന്ത്രി കസേരയിലേക്ക് എന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ജനഹിതം അതായിരുന്നില്ല. ചെന്നിത്തല മുഖ്യമന്ത്രിയാവുമെന്ന് കോണ്‍ഗ്രസ് നേതൃത്വം പരസ്യമായി പ്രഖ്യാപിച്ചിരുന്നില്ല, എന്നാല്‍, മുഖ്യമന്ത്രി സ്ഥാനത്തേക്ക് മറ്റാരുമില്ലെന്ന പ്രതീതി ജനിപ്പിച്ചാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഒന്നാം പിണറായി സര്‍ക്കാരിനെതിരെ നിരന്തരമായി പോരാടിയെങ്കിലും ഭരണം പിടിച്ചെടുക്കാന്‍ ചെന്നിത്തലയ്ക്ക് കഴിഞ്ഞില്ല. തിരഞ്ഞെടുപ്പിന് ശേഷം രമേശ് ചെന്നിത്തല കേവലം ഒരു എംഎല്‍എ മാത്രമായി മാറി.രണ്ടാം പിണറായി സര്‍ക്കാരിനെതിരെ നിയമസഭയില്‍ ശക്തമായ നിലപാട് സ്വീകരിക്കാനും ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കാനുമുള്ള മിടുക്കാണ് പ്രതിപക്ഷനേതാവ് എന്ന നിലയില്‍ വിഡി സതീശന്റെ ജനപ്രീതി വര്‍ധിപ്പിച്ചത്. പാര്‍ട്ടിയേയും മുന്നണിയേയും ഐക്യത്തോടെ കൊണ്ടുപോകുന്നതിലും വിഡി സതീശന്‍ വിജയിച്ചു. പാര്‍ട്ടിയിലും നിയമസഭയിലും സതീശന്‍ എടുക്കുന്ന നിലപാടുകള്‍ക്ക് സ്വീകാര്യത ലഭിച്ചു. ഉപതിരഞ്ഞെടുപ്പുകളില്‍ ഉണ്ടായ തിളക്കമാര്‍ന്ന വിജയവും നിലപാടുകളിലെ വ്യക്തതയും പ്രതിപക്ഷനേതാവ് എന്ന നിലയിലുള്ള ശക്തമായ പോരാട്ടവും വിഡി സതീശന്റെ ഗ്രാഫ് കുത്തനെ ഉയര്‍ത്തി.
പിവി അന്‍വറിനെ ഒപ്പം കൂട്ടണമെന്ന നിലപാടുമായി കെ സുധാകരന്‍ അടക്കം രംഗത്തുവന്നപ്പോഴും, വാതില്‍ കൊട്ടിയടച്ച പ്രതിപക്ഷനേതാവിന്റെ നിലപാടിന് പരക്കെ സ്വീകാര്യത ലഭിച്ചു. ഇതെല്ലാം സതീശന്‍ എന്ന നേതാവിന്റെ കരുത്തും നിലപാടുമായിരുന്നു. അഴിമതിക്കും സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കുമെതിരെയുള്ള സന്ധിയില്ലാ പോരാട്ടമാണ് സതീശനെ ജനകീയനാക്കുന്നത്.
വിഡി സതീശന്‍ എന്ന പ്രതിപക്ഷനേതാവിന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം നല്‍കിയിരിക്കുന്ന ഏറ്റവും സുപ്രധാനമായ ചുമതല സംസ്ഥാനത്ത് കോണ്‍ഗ്രസിനെ അധികാരത്തില്‍ തിരിച്ചുകൊണ്ടുവരികയെന്നതാണ്. അതിനുള്ള തീവ്രശ്രമത്തിലാണ് അദ്ദേഹം. ശ്രദ്ധേയമായൊരു ഭൂരിപക്ഷത്തില്‍ യുഡിഎഫിനെ അധികാരത്തില്‍ എത്തിക്കുമെന്നും, അല്ലാത്തപക്ഷം രാഷ്ട്രീയ വനവാസത്തിന് പോകുമെന്നുമുള്ള സതീശന്റെ പ്രഖ്യാപനം തന്നെയാണ് ആ നേതാവിന്റെ ജനപ്രീതി വര്‍ധിപ്പിക്കാന്‍ ഒരുപരിധിവരെ കാരണം. കരുത്തനായ പ്രതിപക്ഷനേതാവ് എന്ന നിലയില്‍ പരാജയപ്പെടുത്താനാവാത്ത നിലയിലേക്ക് വളര്‍ന്നതില്‍ രാഷ്ട്രീയ എതിരാളികളും അസ്വസ്ഥരാണ്. പലകോണുകളില്‍ നിന്നുള്ള ആക്രമണങ്ങള്‍ക്കുള്ള കാരണവും ഇതുതന്നെ. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എന്‍എസ്എസ് ജന. സെക്രട്ടറി ജി സുകുമാരന്‍ നായരും ഒരേ ശബ്ദത്തിലാണ് വിഡി സതീശനെതിരെ രംഗത്തുവന്നത്. എന്നാല്‍, ഇതെല്ലാം അദ്ദേഹത്തിന്റെ കരുത്ത് വര്‍ധിപ്പിച്ചു.കേരളത്തിലെ കോണ്‍ഗ്രസില്‍ ഐക്യമുണ്ടാക്കണമെന്നായിരുന്നു കാലങ്ങളായുള്ള ഹൈക്കമാന്റ് നിര്‍ദേശം. കെപിസിസി അധ്യക്ഷനായിരുന്ന കെ സുധാകരനുമായുള്ള പ്രതിപക്ഷനേതാവിന്റെ ഐക്യമില്ലായ്മയും രമേശ് ചെന്നിത്തലയുടെ ഒളിയമ്പുകളും വാര്‍ത്തയായി. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് ശേഷം വിഡി സതീശനെ ക്യാപ്റ്റന്‍ എന്നു വിശേഷിപ്പിച്ചതില്‍ ചെന്നിത്തല നടത്തിയ പരസ്യ പ്രതികരണം കോണ്‍ഗ്രസില്‍ ഗ്രൂപ്പിസം വീണ്ടും ശക്തമാക്കി. എഐസിസി നേതൃത്വം നിരവധി ഇടപെടലുകളാണ് കേരളത്തില്‍ നടത്തിയത്. ഗ്രൂപ്പ് രാഷ്ട്രീയം അവസാനിപ്പിച്ച് പാര്‍ട്ടിയെ അധികാരത്തില്‍ എത്തിക്കാന്‍ എല്ലാ നേതാക്കളോടും നേതൃത്വം ആവശ്യപ്പെട്ടിരുന്നു. നേതാക്കള്‍ തമ്മിലുണ്ടായിരുന്ന അനൈക്യം അവസാനിപ്പിക്കുന്നതിനായി കേരളത്തിന്റെ ചുമതല വഹിക്കുന്ന എഐസിസി ജന.സെക്രട്രറി ദീപാദാസ് മുന്‍ഷിയുടെ ശക്തമായ ഇടപെടലുകള്‍ ഫലം കണ്ടു. നേതാക്കളെ നേരില്‍കണ്ടും ചര്‍ച്ചകള്‍ നടത്തിയും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഹൈക്കമാന്റ് നിര്‍ദേശവും ഗുണകരമാവുകയായിരുന്നു. നേതൃത്വവുമായി അകന്നു നില്‍ക്കുകയായിരുന്ന രമേശ് ചെന്നിത്തലയ്ക്ക് മഹാരാഷ്ട്രയുടെ ചുമതല നല്‍കിയിരുന്നു.
കെപിസിസി അധ്യക്ഷസ്ഥാനത്തുണ്ടായ മാറ്റം കേരളത്തിലെ കോണ്‍ഗ്രസിലും കാതലായ മാറ്റമുണ്ടായി. ഉപതിരഞ്ഞെടുപ്പുകളിലെ വിജയം തദേശ തിരഞ്ഞെടുപ്പിലും ആവര്‍ത്തിച്ചു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ശേഷമാണ് സംസ്ഥാനത്ത് കോണ്‍ഗ്രസിന് പഴയ പ്രതാപത്തിലേക്ക് മടങ്ങിവരാന്‍ കഴിയുമെന്ന പ്രതീതിയുണ്ടായത്. തദേശ തിരഞ്ഞെടുപ്പില്‍ നാല് കോര്‍പ്പറേഷനുകളിലും ഏഴ് ജില്ലാ പഞ്ചായത്തുകളിലും വിജയം നേടിയതോടെ യുഡിഎഫിന് സംസ്ഥാനത്ത് ഭരണം തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ടാക്കി. ഇത്തരമൊരു പ്രതീക്ഷയിലേക്ക് മുന്നണിയേയും പാര്‍ട്ടിയേയും ഒരുക്കിയത് പ്രതിപക്ഷനേതാവാണെന്നാണ് പൊതുവെ ഉയരുന്ന വികാരം. എന്‍ഡിടിവിയുടെ സര്‍വേയില്‍ പ്രതിഫലിച്ചതും ഇതാണ്. പ്രീസര്‍വേയില്‍ ഡോ. ശശി തരൂര്‍ രണ്ടാമത് എത്തിയതിലും ചിലനേതാക്കള്‍ അസ്വസ്ഥരാണ്. സിപിഐഎമ്മില്‍ ജനപ്രീതിയുള്ള നേതാക്കളില്‍ കെകെ ശൈലജയാണ് രണ്ടാം സ്ഥാനത്ത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മൂന്നാം സ്ഥാനത്തുമുണ്ട്.
തിരഞ്ഞെടുപ്പ് പ്രചരാര്‍ത്ഥം സംഘടിപ്പിക്കുന്ന സംസ്ഥാന ജാഥയായ ‘പുതുയുഗയാത്ര’യ്ക്ക് നേതൃത്വം നല്‍കുന്നതും വിഡി സതീശനാണ്. സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലത്തിലൂടെ പ്രചരണം നടത്തുന്ന യാത്ര തിരുവനന്തപുരത്താണ് അവസാനിക്കുക. ഈ യാത്രയോടെ വിഡി സതീശന്റെ സ്വീകാര്യത വീണ്ടും വര്‍ധിക്കുമെന്നാണ് നേതൃത്വം വിലയിരുത്തുന്നത്.







