Headlines

ശബരിമല സ്വർണക്കൊള്ള; മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ വിധി നാളെ

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ദ്വാരപാലക കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ വിധി നാളെ .അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും SIT കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ സ്വാഭാവിക ജാമ്യo വേണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചത്. കൊല്ലം വിജിലൻസ് കോടതിയാണ് വിധി പറയുക.

ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ഹർജിയെ പ്രോസിക്യൂഷൻ എതിർത്തില്ല. പക്ഷേ ശക്തമായ ജാമ്യവ്യവസ്ഥകൾ പ്രതിയ്ക്ക് മേൽ ചുമത്തണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. കട്ടിളപ്പാളി കേസിൽ റിമാൻ്റിൽ തുടരുന്നതിനാൽ ദ്വാരപാലക ജാമ്യം ലഭിച്ചാലും ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് പുറത്ത് ഇറങ്ങാൻ കഴിയില്ല.

അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ സ്വർണപ്പാളികളുടെ അളവും തൂക്കവും അടക്കമുള്ള കാര്യങ്ങളിൽ വീണ്ടും പ്രത്യേക അന്വേഷണ സംഘം അന്വേഷണം തുടങ്ങി. കൊടിമരം മാറ്റി സ്ഥാപിച്ചതുമായി ബന്ധമുള്ള കാര്യങ്ങളെക്കുറിച്ചും സമഗ്രമായി അന്വേഷണം ഉണ്ടാകും. സന്നിധാനത്ത് രണ്ടുദിവസം തങ്ങി വിശദമായ വിവരങ്ങൾ ശേഖരിക്കാൻ ആണ് എസ്ഐടിയുടെ തീരുമാനം.എസ് ഐ ടി തലവൻ എസ്പി ശശിധരൻ അടക്കമുള്ള ഉദ്യോഗസ്ഥരാണ് ശബരിമലയിൽ എത്തി വീണ്ടും അന്വേഷണം നടത്തുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്‌ട്രെറ്റീവ് ഓഫീസർ എസ് ശ്രീകുമാറിനെ ഇന്നും കസ്റ്റഡിയിൽ വാങ്ങി SIT ചോദ്യം ചെയ്തു. ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ജാമ്യം ലഭിച്ചാൽ ശബരിമല കേസിൽ ആദ്യം ജാമ്യം ലഭിക്കുന്നയാളാകും.