കിവീസിനോടുള്ള തോല്‍വി അടുത്തിടെ ഇന്ത്യക്കേറ്റ വലിയ തിരിച്ചടി; അടിമുടി മാറാനുറച്ച് ടീം ഇന്ത്യ

2019-ന് ശേഷം ഇത് ആദ്യമായാണ് ഇന്ത്യ നാട്ടിലൊരു ഏകദിന പരമ്പര തോല്‍ക്കുന്നത്. അത് തെളിയിക്കുന്നതാകട്ടെ ഫീല്‍ഡിങ്ങിലും ബാറ്റിങ്ങിലും ബോളിങ്ങിലും പരിഹരിക്കാന്‍ പ്രശ്‌നങ്ങളേറെയുണ്ട് എന്നുള്ളതാണ്. ബാറ്റിങ്ങിനേക്കാളും ഉപരി ബോളിങ്ങിലെ പ്രശ്‌നങ്ങളാണ് ടീം ഇന്ത്യക്ക് തിരിച്ചടി ഉണ്ടാക്കുന്നത്. പരമ്പരയിലുടനീളം ന്യൂസിലാന്‍ഡിന്റെ ബാറ്റര്‍മാര്‍ക്ക് പേടി സ്വപനമാകാന്‍ ഇന്ത്യന്‍ നിരയില്‍ നിന്നും ഒരു ബോളര്‍ പോലും ഉണ്ടായില്ലെന്നുള്ളത് ദൗര്‍ഭാഗ്യകരമാണ്. ഹോം ഗ്രൗണ്ട് ആയിട്ടുപോലും സ്പിന്നര്‍മാര്‍ കിവീസ് ബാറ്റര്‍മാര്‍ക്ക് ഒരു തരത്തിലുള്ള ഭീഷണിയും സൃഷ്ടിച്ചില്ല. സ്പിന്നര്‍മാരായ കുല്‍ദീപ് യാദവിനും രവീന്ദ്ര ജഡേജക്കും പരമ്പരയില്‍ സ്വാധീനമുണ്ടാക്കാന്‍ പോലും ആയില്ല.ഫീല്‍ഡിങ്ങിലെ പിഴവ് പരാജയത്തിന് കാരണമായതായി ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ തന്നെ സമ്മതിക്കുന്നു. നിരവധി ക്യാച്ചുകളും കളിയിലേക്ക് തിരികെ വരാനുള്ള നിമിഷങ്ങളും ഫില്‍ഡിങ് മോശമായതിനാല്‍ നഷ്ടപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. ബാറ്റിങ്ങില്‍ മികച്ച തുടക്കമുണ്ടായിട്ടും അത് മുതലാക്കാന്‍ ആയില്ലെന്നും ഗില്‍ പറഞ്ഞു. ഹര്‍ഷത് റാണ, നിതീഷ്‌കുമാര്‍ എന്നിവരുടെ മിന്നും പ്രകടനം തോല്‍വിക്കിടയിലും ഇന്ത്യക്ക് ആശ്വാസം നല്‍കുന്നതാണ്.