പാലക്കാട് ദമ്പതികൾ വെട്ടേറ്റ് മരിച്ച സംഭവം; ബന്ധുവായ യുവാവ് പിടിയിൽ

പാലക്കാട് ഒറ്റപ്പാലത്ത് ദമ്പതികൾ വെട്ടേറ്റ് മരിച്ച സംഭവത്തിൽ ബന്ധുവായ യുവാവ് പിടിയിൽ. ദമ്പതികളുടെ വളർത്തു മകളുടെ മുൻ ഭർത്താവ് റാഫി ആണ് പിടിയിലായത്. നാലകത്ത് നസീർ, ഭാര്യ സുഹറ എന്നിവരാണ് വെട്ടേറ്റ് മരിച്ചത്. റാഫിയും സുൽഫിയത്തും തമ്മിൽ വിവാഹബന്ധം വേർപിരിഞ്ഞിരുന്നു. ഇതു സംബന്ധിച്ച കേസ് കോടതിയിലാണ്.കുട്ടിയുടെ അവകാശ തർക്കത്തെ തുടർന്നുണ്ടായ വാക്ക് തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. അർദ്ധരാത്രി 12 മണിയോടെയാണ് ഇവരെ വെട്ടേറ്റ നിലയിൽ കാണുന്നത്. കുട്ടിയുമായി ഒരു യുവതി ഓടുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരങ്ങൾ തിരക്കിയപ്പോഴാണ് ദമ്പതികൾ വെട്ടേറ്റ മരിച്ചകാര്യം പറയുന്നത്. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയെ ആദ്യം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എങ്കിലും പിന്നീട് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.