എൻഎസ്എസ്- എസ്എൻഡിപി ഐക്യം സ്വാഗതം ചെയ്ത് ബിജെപി. എൻഎസ്എസ്- എസ്എൻഡിപി ഐക്യം ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് ബിജെപിയാണെന്ന് വി മുരളീധരൻ പറഞ്ഞു. മുസ്ലീം ലീഗ് ആദ്യം പേര് മാറ്റിയിട്ട് മതേതരത്വം പറയട്ടെ. ലീഗിന്റെ അപ്രമാദിത്വത്തിനും വർഗീയ നിലപാടിനും എതിരെയാണ് വെള്ളാപ്പള്ളി നടേശൻ നിലപാടെടുത്തത്. ലീഗ് മതത്തിന്റെ പേരിലുള്ള പാർട്ടിയാണെന്നും വി മുരളീധരൻ പറഞ്ഞു.സനാതനധർമം വൈറസ് എന്ന് പറയുന്നവരാണ് സിപിഐഎം. അതിന്റെ ഗുണം സിപിഐഎമ്മിനു കിട്ടില്ലെന്ന് വി മുരളീധരൻ പറഞ്ഞു. കേരളത്തിൽ കോണ്ഗ്രസ് ഭരിക്കുമ്പോൾ ഭരിക്കുന്നത് ലീഗ് ആണ്. ലീഗിന്റെ അപ്രമാദിത്യം, വർഗീയ നിലപാട് എന്നിവക്കെതിരെയാണ് വെള്ളാപ്പള്ളി പരാമർശം നടത്തിയത്. വെള്ളാപ്പള്ളിയുടെ മുദ്രാവാക്യം എൽ ഡി എഫിന് നേട്ടമാവില്ലെന്ന് വി മുരളീധരൻ പറഞ്ഞു.ഇരു സംഘടനകളുടെയും ഐക്യം, കാലഘട്ടത്തിന്റെ അനിവാര്യതയെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരും വ്യക്തമാക്കി. ഐക്യത്തിന് രാഷ്ട്രീയ ലക്ഷ്യമില്ലെന്നും ഇരുനേതാക്കളും പറഞ്ഞു. എസ്എൻഡിപിയും എൻഎസ്എസും ഭിന്നിച്ച് ൽക്കുന്നത് കാലഘട്ടത്തിന് അനുയോജ്യമല്ല. ഐക്യം ചർച്ച ചെയ്യാൻ ശാഖ സെക്രട്ടറിമാരെയും ഭാരവാഹികളെയും പങ്കെടുപ്പിച്ച് ഈ മാസം 21 ന് ആലപ്പുഴയിൽ യോഗം ചേരുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
അതേസമയം എൻഎസ്എസ്-എസ്എൻഡിപി ഐക്യം തകർത്തത് മുസ്‍ലിം ലീഗ് ആണെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന സുകുമാരൻ നായർ തള്ളി. മുൻപ് അകന്നുനിന്നത് സംവരണ പ്രശ്നമുള്ളതിനാലെന്നും സുകുമാരൻ നായർ പറഞ്ഞു. പ്രതിപക്ഷ നേതാവിനെതിരെ അതിരൂക്ഷ വിമർശനമാണ് ഇരു നേതാക്കളും നടത്തിയത്. വി ഡി സതീശൻ ഇന്നലെ ഉദിച്ച തകരയെന്ന് വെള്ളാപ്പള്ളി നടേശനും സതീശനെ കയറൂരി വിട്ടാൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് അടി കിട്ടുമെന്ന് സുകുമാരൻ നായരും ആരോപിച്ചു.









