Headlines

‘LDFൽ മുഖ്യമന്ത്രി പ്രേമികളില്ല; തിരഞ്ഞെടുപ്പിൻ്റെ രാഷ്ട്രീയ പോരാട്ടത്തെ പിണറായി നയിക്കും’; എംഎ ബേബി

എൽഡിഎഫിൽ മുഖ്യമന്ത്രി പദവി പ്രേമികളില്ലെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. ഇടതുപക്ഷ മുന്നണിയിൽ ജനപക്ഷ രാഷ്ട്രീയ പ്രേമികളാണ് ഉള്ളത്. തിരഞ്ഞെടുപ്പിൻ്റെ രാഷ്ട്രീയ പോരാട്ടത്തെ പിണറായി വിജയൻ നയിക്കും. മുന്നണിയിലെ പ്രധാന നേതാവ് പിണറായിയാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളിലൂന്നി പ്രചാരണം നടത്താൻ സിപിഐഎം കേന്ദ്ര കമ്മിറ്റിയിൽ തീരുമാനമായെന്ന് എംഎ ബേബി അറിയിച്ചു.
എൽഡിഎഫിന്റെ മൂന്നാം ഭരണത്തിന് വേണ്ടി പ്രവർത്തിക്കുമെന്ന് എംഎ ബേബി പറഞ്ഞു. കേന്ദ്രത്തിൻ്റെ സാമ്പത്തിക ഉപരോധവും ഫെഡറലിസത്തിന് എതിരായ നീക്കങ്ങൾ തുറന്നു കാട്ടും. കേരളത്തിൽ എൽഡിഎഫിനെ കടന്നാക്രമിക്കാൻ കോൺഗ്രസും ബിജെപിയും മത്സരിക്കുന്നു. ആർഎസ്എസിനും ബിജെപിക്കും എതിരായ ആശയ സമരത്തിൽ കോൺഗ്രസിന് ഉണ്ടാകുന്ന പോരായ്മ തുറന്നു കാട്ടുമെന്ന് എംഎ ബേബി പറഞ്ഞു.സിപിഐഎമ്മിനെതിരായ മൃദു ഹിന്ദുത്വ പ്രചാരണം ആസൂത്രിത ശ്രമമെന്ന് എംഎ ബേബി പറഞ്ഞു. തമിഴ്നാട്ടിൽ ഡിഎംകെ സഖ്യത്തിനൊപ്പം നിന്ന് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് അദേഹം വ്യക്തമാക്കി. ബംഗാളിൽ കോൺഗ്രസുമായുള്ള സഹകരണം ചർച്ച ചെയ്യും. അവിടുത്തെ സാഹചര്യം അനുസരിച്ച് തീരുമാനമെടുക്കും. കോൺഗ്രസ് ബന്ധം ചർച്ച ആരംഭിച്ചിട്ടില്ലെന്ന് എം എ ബേബി കൂട്ടിച്ചേർത്തു.