ശബരിമലയില്‍ അഭിഷേകം ചെയ്ത നെയ് വില്‍പ്പനയിലെ ക്രമക്കേടില്‍ സന്നിധാനത്തു പരിശോധന. വിജിലന്‍സ് ആണ് പരിശോധന നടത്തുന്നത്. സന്നിധാനത്ത് നാല് സ്ഥലങ്ങളില്‍ പരിശോധന. കൗണ്ടറുകളില്‍ ഉള്‍പ്പടെ രേഖകള്‍ പരിശോധിക്കുന്നുണ്ട്. (Ghee sale fraud; Vigilance inspection at Sabarimala).ശബരിമലയില്‍ ആടിയ ശിഷ്ടം നെയ്യിന്റെ വില്‍പ്പനയിലെ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ദേവസ്വം ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വമേധയ എടുത്ത കേസിലായിരുന്നു നടപടി. ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം. പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് ദേവസ്വം ബെഞ്ച് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഒരു മാസത്തിനകം അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ക്രമക്കേട് നടത്തിയ സുനില്‍കുമാര്‍ പോറ്റിയെ ബോര്‍ഡ് നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ മുന്‍കൂര്‍ അനുമതി വേണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി.
2025 നവംബര്‍ 17 മുതല്‍ ഡിസംബര്‍ 26 വരെയുള്ള കാലയളവില്‍ മരാമത്ത് ബില്‍ഡിംഗിലെ കൗണ്ടറില്‍ നിന്നും വിറ്റ 13,679 പാക്കറ്റ് നെയ്യിന്റെ പണമായ 13.67 ലക്ഷം രൂപ ദേവസ്വം അക്കൗണ്ടില്‍ എത്തിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഏകദേശം 35 ലക്ഷം രൂപയോളം ഈ ചുരുങ്ങിയ കാലയളവില്‍ മാത്രം വെട്ടിപ്പ് നടന്നിട്ടുണ്ടെന്ന് വിലയിരുത്തല്‍.
അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗവും സിപിഎം പ്രതിനിധിയുമായ എന്‍ വിജയകുമാറിനെ എസ്ഐടി കസ്റ്റഡിയില്‍ വിട്ടു. എസ്ഐടി സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷ പരിഗണിച്ചാണ് കോടതി നടപടി. കൂടുതല്‍ ചോദ്യം ചെയ്യാന്‍ ഒരു ദിവസത്തേയ്ക്കാണ് എസ്ഐടി കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചത്. 2019 കാലയളവില്‍ ദേവസ്വം ബോര്‍ഡ് അംഗമായിരുന്ന എന്‍ വിജയകുമാറിന്റെ മൊഴി നിര്‍ണായകമായിരുന്നു.







