മുംബൈ അടക്കം മഹാരാഷ്ട്രയിലെ കോര്‍പ്പറേഷനുകളിലേക്ക് നടന്ന വോട്ടെടുപ്പ് പൂര്‍ത്തിയായി. മുംബൈയില്‍ ബിജെപി സഖ്യം വന്‍ ഭൂരിപക്ഷത്തോടെ അധികാരം പിടിക്കുമെന്നാണ് എക്‌സിറ്റ് ഫലങ്ങള്‍. വിരലില്‍ പുരട്ടിയ മഷി എളുപ്പത്തില്‍ മായുന്നതാണെന്നതടക്കം ക്രമക്കേട് ആരോപണങ്ങള്‍ വോട്ടെടുപ്പിനിടെ ഉണ്ടായി. നാളെയാണ് വോട്ടെണ്ണല്‍. (Exit Polls Predict Sweep For BJP-Led Coalition In Mumbai Civic Body Election).മുംബൈ അടക്കം 29 കോര്‍പ്പറേഷനുകളിലാണ് ജനം വിധി എഴുതിയത്. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്തിന്റെ ഭരണം മഹായുതിക്കെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ബിജെപി- ശിവസേന സഖ്യം 131 മുതല്‍ 151 സീറ്റ് വരെ നേടുമെന്ന് AXIS MY INDIA പ്രവചിക്കുന്നു. ഉദ്ദവ് താക്കറെ രാജ് താക്കറെ സഖ്യം പരമാവധി 68 സീറ്റില്‍ ഒതുങ്ങും. Jvc എക്‌സിറ്റ് പോള്‍ മഹായുതിക്ക് 138 സീറ്റോളം പ്രവചിക്കുന്നു. ഉദ്ദവ് സഖ്യം ഏതാണ്ട് 59 സീറ്റില്‍ ഒതുങ്ങും. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിയായാല്‍ വര്‍ഷങ്ങളോളം മുംബൈയുടെ അധികാരം നിയന്ത്രിച്ച താക്കറെ കുടുംബത്തിന് കനത്ത പ്രഹരമാവും. തെരഞ്ഞെടുപ്പ് ദിവസവും വ്യാപക ക്രമക്കേട് നടക്കുന്നതായി പലയിടത്ത് നിന്നും പരാതി ഉയര്‍ന്നു. എളുപ്പം മായ്ക്ക്കാവുന്ന മഷി വിരലില്‍ പുരട്ടുന്നതായി ആം ആദ്മി പാര്‍ട്ടിയുടെ മുംബൈ അധ്യക്ഷനാണ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ആദ്യം പരാതിപ്പെട്ടത്. ഇന്നലെ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ സാവന്ദും ഇതേ പരാതി ഉന്നയിച്ചു.നവീ മുംബൈയില്‍ വോട്ടര്‍മാര്‍ക്ക് ബിജെപി പാര്‍ട്ടി ചിഹ്നം അടങ്ങിയ പ്രത്യേക സ്ലിപ്പ് നല്‍കിയതിനെതിരെ പ്രതിഷേധമുണ്ടായി. നവീ മുംബൈയിലെ ന്യൂട്ടന്‍ മറാട്ടി സ്‌കൂളില്‍ നോട്ടക്ക് ചെയ്യുന്ന വോട്ട് ബിജെപിക്ക് പോകുന്നതായി പരാതി ഉയര്‍ന്നു.തെരഞ്ഞെടുപ്പ് കമ്മീഷനു ഒരുപറ്റം വോട്ടര്‍മാര്‍ രേഖാമൂലം പരാതി നല്‍കി. തര്‍ക്കം ആയതോടെ പോളിംഗ് മെഷീന്‍ മാറ്റി.
മഹാരാഷ്ട്രയിലെ കോര്‍പറേഷനുകളിലേക്ക് നടന്ന വോട്ടെടുപ്പ് പൂര്‍ത്തിയായി; ബിജെപി സഖ്യം വന്‍ ഭൂരിപക്ഷം നേടുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍







