Headlines

കൊച്ചിയിൽ റോഡിലുപേക്ഷിക്കപ്പെട്ട പിറ്റ്ബുൾ നായയെ ഉടമയ്ക്ക് കൈമാറി

കൊച്ചിയിൽ റോഡിലുപേക്ഷിക്കപ്പെട്ട പിറ്റ്ബുൾ ഇനത്തിൽപ്പെട്ട വളർത്തുനായയെ ഉടമയ്ക്ക് കൈമാറി. കൊച്ചി സ്വദേശി സംഗീതിനാണ് നായയെ കൈമാറിയത്. നായയെ ഉപേക്ഷിച്ചത് അല്ലാ എന്നും വീട്ടിൽ നിന്ന് കാണാതാകുകയായിരുന്നുവെന്നും സംഗീത് പറഞ്ഞു. എറണാകുളം സുഭാഷ് പാർക്ക് പരിസരത്ത് കണ്ടെത്തിയ നായയുടെ ഉടമ ഇന്ന് വൈകീട്ട് 7 മണിയിടെയാണ് സൗത്ത് പോലീസ് സ്റ്റേഷനിൽ എത്തിയത്.നായയുമായി ബന്ധപ്പെട്ട വിവരങ്ങൾ പരിശോധിച്ച ശേഷമാണ് നായയെ കൈമാറാൻ പോലീസ് തീരുമാനിച്ചത്. തുടർന്ന് റെസ്ക്യൂ ഹോം അധികൃതർ എത്തി നായയെ ഉടമയായ സംഗീതിന് കൈമാറി. അതേസമയം നായയുടെ നായയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് രേഖകൾ ഇല്ലാതെയാണ് നായയെ കൈമാറിയത് എന്ന് റെസ്ക്യൂ അധികൃതർ പറഞ്ഞു

അതീവ അപകടകാരിയായ അമേരിക്കൻ പിറ്റ്ബുൾ നായയെ ഞായറാഴ്ച രാത്രിയാണ് സുഭാഷ് പാർക്ക് പരിസരത്ത് കണ്ടെത്തിയത്. അലഞ്ഞുതിരിഞ്ഞ നടന്ന നായയെ കണ്ടതോടെ ആളുകൾ പരിഭ്രാന്തരായി. തുടർന്ന് എസ് പി സി എ സംഘവും പൊലീസും ചേർന്ന് നായെ സുരക്ഷിതമായി ഇവിടെ നിന്ന് പിടികൂടി. തുടർന്ന് റെസ്ക്യൂ ഹോമിലേക്ക് മാറ്റുകയായിരുന്നു. സാധാരണ നിലയിൽ അതീവ അപകടകാരികളാണ് അമേരിക്കൻ പിറ്റ്ബുള്ളുകൾ. ഇന്ത്യയിൽ ഇവയുടെ വിൽപ്പന നേരത്തെ നിരോധിച്ചിരുന്നു. യൂറോപ്പ് അടക്കമുള്ള സ്ഥലങ്ങളിൽ പിറ്റ്ബുള്ളുകളെ പുറത്തിറക്കുന്നതിൽ നിയന്ത്രണമുണ്ട്.