കേരളാ കോൺഗ്രസ് എമ്മിന്റെ മുന്നണിമാറ്റ ചർച്ചകളിൽ പ്രതികരണവുമായി കേരള കോൺഗ്രസ് എക്‌സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ്. ജോസ് കെ മാണി വരുന്നതിനെ എതിർത്തിട്ടില്ല. എന്നാൽ സ്വാഗതം ചെയ്തിട്ടുമില്ല. യുഡിഎഫ് നേതൃതലത്തിൽ ചർച്ച നടത്തിയിട്ടില്ല. ചർച്ച ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങൾ പുറത്തുവരട്ടേയെന്ന് അദേഹം പറഞ്ഞു. ജോസ് കെ മാണി വരുന്നതിൽ അലോസരമില്ല. യുഡിഎഫിനെ ചതിക്കില്ല എന്ന് ഉറപ്പുള്ളവർ വരുന്നതിനെ യുഡിഎഫ് സ്വാഗതം ചെയ്തിട്ടുണ്ടെന്ന് മോൻസ് ജോസഫ് പറഞ്ഞു. ട്വന്റിഫോർ സ്പെഷ്യൽ എൻകൗണ്ടറിലാണ് പ്രതികരണം.വരാൻ ആഗ്രഹിക്കുന്നെങ്കിൽ ജോസ് കെ മാണി നിലപാട് വ്യക്തമാക്കട്ടേ. അങ്ങനെയൊരു നിലപാട് പറഞ്ഞാൽ ഞങ്ങളോട് കോൺഗ്രസ് ആശയവിനിമയം നടത്തും. അന്തരീക്ഷത്തിൽ നിൽക്കുന്ന ഒരു ചർച്ചയിൽ അടിസ്ഥാനമില്ലെന്ന് മോൻസ് ജോസഫ് പറഞ്ഞു. ജോസ് കെ മാണി ഇല്ലാതെ തന്നെ തെരഞ്ഞെടുപ്പ് രംഗത്ത് ശക്തി തെളിയിക്കാൻ കഴിയുമെന്ന് ലോക്സഭ, ഉപതെരഞ്ഞെടുപ്പുകളിലും തദ്ദേശ തിരഞ്ഞെടുപ്പുകളിലും വിജയിക്കാൻ സാധിക്കുമെന്ന് തെളിയിച്ചതാണെന്ന് മോൻസ് ജോസഫ് പറഞ്ഞു.
വരുന്നുണ്ടോ വരുന്നുണ്ടോയന്ന് ചോദിച്ച് നടക്കുന്നത് നാണക്കേടുണ്ടാക്കും. അത് യുഡിഎഫിനെ ദുർബലപ്പെടുത്തരുത് എന്നാണ് ആഗ്രഹിച്ചത്. പി ജെ ജോസഫിനേയും കേരള കോൺഗ്രസിനേയും ചേർത്തുപിടിച്ചുകൊണ്ടല്ലാതെ യുഡിഎഫ് മുന്നോട്ടുപോകില്ലെന്ന് ഉറപ്പുണ്ട്. അവർ നിലപാട് വ്യക്തമാക്കിയാൽ ചർച്ചയ്ക്ക് തയാറാണെന്ന് മോൻസ് ജോസഫ് വ്യക്തമാക്കി.ജോസ് കെ മാണി മാറിനിൽക്കുന്നത് യുഡിഎഫിനാണ് ഭാവി എന്ന് മനസിലാക്കിയതിന്റെ സൂചനയാണെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. കേരള കോൺഗ്രസ് എൽഡിഎഫിൽ നിന്നാൽ എന്താണ് അവരുടെ ഭാവി. കേരള കോൺഗ്രസ് എമ്മിന് എൽഡിഎഫിനൊപ്പം നിന്നാൽ വളർച്ചയുണ്ടാകില്ലെന്ന് തെളിഞ്ഞു. അതിദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. ജോസ് കെ മാണിക്ക് അണികളി നിന്ന് വലിയ സമ്മർദമുണ്ട്. യുഡിഎഫ് രാഷ്ട്രീയമാണ് കേരള കോൺഗ്രസിന് പറ്റിയതെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
യുഡിഎഫിലേക്ക് വരാൻ ആഗ്രഹിക്കുന്ന പാർട്ടികളുമായി ചർച്ച നടത്തും. മാണി ഗ്രൂപ്പാണ് എവിടെ നിൽക്കണം എന്ന തീരുമാനിക്കേണ്ടത്. അന്ന് യുഡിഎഫ് വിടാനുള്ള തീരുമാനം ചർച്ചയിലൂടെ പരിഹരിക്കാമായിരുന്നു. പാലായിൽ പോലും തോൽക്കേണ്ടിവന്ന ജോസ് കെ മാണിയുടെ കേരള കോൺഗ്രസിന് എൽഡിഎഫിനൊപ്പം നിന്നാൽ ഇനിയെന്താണ് നേട്ടമെന്ന് എല്ലാവർക്കും അറിയാം. അവസരോചിതമായ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷയെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.









