‘വടകരയിൽ ആരാണ് രാഹുലിന്റെ സംരക്ഷകൻ?, ഫ്ലാറ്റ് ആരുടെ ഉടമസ്ഥതയിലെന്ന് കണ്ടെത്തണം’; പ്രശാന്ത് ശിവൻ

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിൽ പൊലീസ് എഫ്ഐആറിലുള്ള വടകരയിലെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തണമെന്ന് ബിജെപി പാലക്കാട് ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ. വടകരയിൽ ആരാണ് രാഹുലിന്റെ സംരക്ഷകൻ. ആരുടെ ഉടമസ്ഥതയിലാണ് ഫ്ലാറ്റെന്ന് കണ്ടെത്തണം. അതിജീവിതമാരെ അധിക്ഷേപിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും പ്രശാന്ത് ശിവൻ പറഞ്ഞു. രാഹുലിന്റെ രാജി ആവശ്യപ്പെടാൻ കോൺഗ്രസ് തയാറാകുന്നില്ലെന്നും പ്രശാന്ത് ശിവൻ കൂട്ടിച്ചേർത്തു.രാഹുലിന്റെ അറസ്റ്റിൽ ആരോടും മറുപടി പറയേണ്ട ബാധ്യത കോൺഗ്രസിന് ഇല്ലെന്നായിരുന്നു കെപിസിസി വർക്കിംഗ് പ്രസിഡണ്ട് എ പി അനിൽകുമാറിന്റെ പ്രതികരണം. കോൺഗ്രസിന് പുറത്തുള്ള ഒരു എംഎൽഎ രാജിവെക്കണമെന്ന് പറയാൻ കഴിയില്ലെന്നായിരുന്നു വി ഡി സതീശന്റെ പ്രതികരണം.
സ്പീക്കറുടെ നടപടി എന്താണെന്നറിയില്ല. എത്തിക്സ് കമ്മിറ്റിക്ക് എങ്ങനെയാണ് അംഗത്വം കളയാൻ കഴിയുമെന്നറിയില്ല.പരിശോധിച്ച് പറയാമെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കായി പ്രത്യേക അന്വേഷണസംഘം കസ്റ്റഡി അപേക്ഷ സമർപ്പിച്ചു. ഏഴ് ദിവസത്തെ കസ്റ്റഡിയാവശ്യപ്പെട്ട് തിരുവല്ല മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകിയത്. രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയും കോടതി ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പരിഗണിക്കും.