രാഹുൽ മാങ്കൂട്ടത്തിലിന്റെ ക്രൂരമായ ചെയ്തികൾക്ക് കോൺഗ്രസ് നേതൃത്വം കൂട്ട് നിൽക്കുന്നെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. മുണ്ടക്കൈ -ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്ത ബാധിതർക്ക് വീടുണ്ടാക്കാൻ ലഭിച്ച പണം എവിടെ എന്നതിന് ഉത്തരം കിട്ടിത്തുടങ്ങി. കോൺഗ്രസിനുള്ളിലെ ക്രൈം സിൻഡിക്കേറ്റിലെ പ്രധാന കണ്ണിയാണ് രാഹുൽ മാങ്കൂട്ടത്തിൽ. ക്രൈം സിൻഡിക്കേറ്റിലെ ഒന്നാമൻ ഷാഫി പറമ്പിലാണെന്നും വി കെ സനോജ് പറഞ്ഞു.ലക്കി ഡ്രോ വഴിയും ചൂതാട്ടം വഴിയും രാഹുൽ പണം സമാഹരിച്ചു. പെൺകുട്ടികളെ വശീകരിക്കാൻ ദുരന്തത്തെ ഉപയോഗിച്ചു. സമഗ്രമായ അന്വേഷണം വേണമെന്ന് വികെ സനോജ് ആവശ്യപ്പെട്ടു. യുവതിയെ വടകരയിലെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചതായി വെളിപ്പെടുത്തലുണ്ട്. വടകരയിൽ ആർക്കാണ് ഇത്തരത്തിൽ ഫ്ലാറ്റുള്ളതെന്ന് സനോജ് ചോദിച്ചു. കോൺഗ്രസിനെ ഇന്ന് ഭരിക്കുന്നത് ബലാത്സംഗ വീരന്മാരാണെന്നും വി കെ സനോജ് പറഞ്ഞു.രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ ലൈംഗികക്രൂരതയുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് എഫ്ഐആറിലൂടെയും റിമാൻഡ് റിപ്പോർട്ടിലൂടെയും പുറത്തുവന്നത്. നിലവിൽ വിദേശത്തുള്ള തിരുവല്ല സ്വദേശിയായ അതിജീവിത രാഹുലിനെതിരെ തെളിവുകൾ ഉൾപ്പെടെ അന്വേഷണസംഘത്തിന് കൈമാറി. രാഹുൽ സാമ്പത്തികമായി ചൂഷണം ചെയ്തെന്നും അതിജീവിതയുടെ പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. കേസിൽ പത്തനംതിട്ട ജില്ലാ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്ത രാഹുലിനെ, മാവേലിക്കര ജയിലിലേക്ക് മാറ്റി.
രാഹുൽ മാങ്കൂട്ടത്തിലിന്റെ രക്തസാംപിളുകൾ ഡിഎൻഎ പരിശോധനയ്ക്കായി ശേഖരിച്ചു. ആദ്യകേസിൽ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. രണ്ടാമത്തെ കേസിൽ ഈ മാസം 21 വരെ വിചാരണാകോടതി രാഹുലിന് മുൻകൂർ ജാമ്യം അനുവദിച്ചു. ആദ്യകേസിൽ രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് ഒളിവിൽ പോയ രാഹുലിന് അറസ്റ്റ് ഒഴിവാക്കാൻ കഴിഞ്ഞിരുന്നു. അന്ന് ഏറെ പഴികേട്ട പൊലീസ് ഇക്കുറി ഏറെ ജാഗ്രതയോടെയാണ് നീക്കം നടത്തിയത്.







