Headlines

മുട്ടില്‍ മരംമുറി വാര്‍ത്താ വിലക്ക്: റിപ്പോര്‍ട്ടര്‍ ടിവിക്ക് ബെംഗളൂരു കോടതിയുടെ രൂക്ഷവിമര്‍ശനം: ‘ഉത്തരവിലെ വസ്തുതകള്‍ മറച്ചുവച്ചത് ദുരുദ്ദേശപരം’

മുട്ടില്‍ മരംമുറി കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വിലക്കണമെന്ന ഹര്‍ജി പിന്‍വലിച്ച റിപ്പോര്‍ട്ടര്‍ ടിവിക്ക് ബെംഗളൂരു സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയില്‍ നിന്ന് കേള്‍ക്കേണ്ടി വന്നത് അതിരൂക്ഷ വിമര്‍ശനങ്ങള്‍. കോടതിയുടെ ഉത്തരവിലെ വസ്തുകള്‍ മറച്ചുവച്ചതും മനപൂര്‍വം വളച്ചൊടിച്ചതും ദുരുദ്ദേശപരമാണെന്നാണ് കോടതിയുടെ നിരീക്ഷണം. മതിയായ കാരണങ്ങളില്ലാതെ ഹര്‍ജി പിന്‍വലിച്ചതും കോടതിയുടെ സമയം പാഴാക്കിയതും കോടതി ഉത്തരവിനെ വളച്ചൊടിച്ച് തെറ്റായി ഉപയോഗിച്ചതിനും ഉള്‍പ്പെടെയാണ് കോടതി റിപ്പോര്‍ട്ടര്‍ ടിവിയെ രൂക്ഷമായി വിമര്‍ശിച്ചത്. റിപ്പോര്‍ട്ടര്‍ ടിവിക്ക് 10,000 രൂപ കോടതി പിഴ ചുമത്തുകയും ചെയ്തിരുന്നു.മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു റിപ്പോര്‍ട്ടര്‍ ഹര്‍ജി നല്‍കിയിരുന്നത്. ഹര്‍ജിക്ക് പിന്നാലെ സമ്പാദിച്ച കോടതിയുടെ ഇടക്കാല ഉത്തരവിനെ റിപ്പോര്‍ട്ടര്‍ ദുരുപയോഗം ചെയ്‌തെന്നാണ് കോടതിയുടെ വിമര്‍ശനങ്ങള്‍. എതിര്‍കക്ഷികള്‍ റിപ്പോര്‍ട്ടര്‍ ഉടമകള്‍ക്കെതിരായ കേസിന്റെ കൂടുതല്‍ വിവരങ്ങളുമായി കോടതിയെ സമീപിച്ചതിന് പിന്നാലെ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് ഹര്‍ജി പിന്‍വലിച്ചത്. റിപ്പോര്‍ട്ടര്‍ ടിവിക്ക് പിഴയിട്ട കോടതി മുട്ടില്‍ മരംമുറി കേസുമായി ബന്ധപ്പെട്ട് നീക്കിയ വാര്‍ത്തകളുടെ ലിങ്കുകള്‍ ഉടനടി പുനസ്ഥാപിക്കാനും ഉത്തരവിട്ടിരുന്നു.കോടതിയുടെ വിലപ്പെട്ട സമയം അപഹരിച്ചതും വാര്‍ത്തകള്‍ ശ്രദ്ധിക്കുന്ന പൊതുജനങ്ങള്‍ക്കും മറ്റ് മാധ്യമങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടായതും കോടതി ചൂണ്ടിക്കാട്ടി. ഇടക്കാല ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ച് മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട വാര്‍ത്താ ലിങ്കുകള്‍ എന്നേക്കുമായി നീക്കാന്‍ ഹര്‍ജി സമര്‍പ്പിച്ച റിപ്പോര്‍ട്ടര്‍ നീക്കം നടത്തിയത് ദുരുദ്ദേശപരമായാണ് കോടതി കാണുന്നത്. നിയമവിരുദ്ധമായ മരംമുറി, അതുമായി ബന്ധപ്പെട്ട ക്രിമിനല്‍ നടപടികള്‍, പൊലീസ് കുറ്റപത്രം തുടങ്ങിയ സുപ്രധാന വിവരങ്ങള്‍ മറച്ചുവച്ചുകൊണ്ടാണ് വാദി കേസ് ഫയല്‍ ചെയ്തതെന്നും കോടതി വിമര്‍ശിച്ചു. ഇത്തരം കാര്യങ്ങള്‍ മറച്ചുവച്ചതിലും ഇടക്കാല ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ചതിലും കോടതി ദുരുദ്ദേശം സംശയിക്കുന്നുമുണ്ട്.