Headlines

‘പാല നമ്മുടെ സ്വന്തമാണ്; മത്സരിക്കുന്ന കാര്യം പാർട്ടി തീരുമാനിക്കും’; ജോസ് കെ മാണി

പാല എന്നും സ്വന്തമാണെന്ന് കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. പാലായിൽ മത്സരിക്കുന്ന കാര്യം പാർട്ടി തീരുമാനിക്കും. ഇത്തവണ 13 സീറ്റിൽ പാർട്ടി മത്സരിക്കുമെന്നും ജോസ് കെ മാണി ട്വന്റിഫോറിനോട് പറഞ്ഞു. നിലവിലെ എംഎൽഎമാരും മന്ത്രിമാരും മത്സരിക്കുന്ന കാര്യവും പാർട്ടി തീരുമാനിക്കും. നിലവിൽ തിരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് കടന്നിട്ടില്ലെന്ന് ജോസ് കെ മാണി വ്യക്തമാക്കി.പാലായിലെ വികസനം തടസ്സപ്പെടുത്തിയത് ആരാണെന്ന് പാലാക്കാർക്ക് അറിയാമെന്ന മാണി സി കാപ്പന്റെ പരാമർശത്തിനും ജോസ് കെ മാണി മറുപടി നൽകി. പാലായിൽ എന്തു വികസനം കൊണ്ടുവന്നെന്ന് മാണി സി കാപ്പൻ എംഎൽഎ വ്യക്തമാക്കണം. ഒരു ബൃഹത് പദ്ധതി പോലും പാലായിൽ കൊണ്ടുവന്നിട്ടില്ല. വാക്ക് തർക്കത്തിനില്ലെന്നും ജനങ്ങൾ ഇക്കാര്യങ്ങൾ വിലയിരുത്തട്ടെയെന്നും എന്നും ജോസ് കെ മാണി പറഞ്ഞു.നിയമസഭ തിരഞ്ഞെടുപ്പിൽ പാലായിൽ ഇത്തവണയും മത്സരിക്കുമെന്നാണ് മാണി സി കാപ്പൻ എംഎൽഎ ട്വന്റിഫോറിനോട് വ്യക്തമാക്കിയത്. ജോസ് കെ മാണി മുന്നണിയിൽ വരുമോ ഇല്ലയോ എന്നത് പ്രശ്നമല്ലെന്നും അദേഹം പറഞ്ഞിരുന്നു. ലോക്‌സഭയും രാജ്യസഭയും വേണ്ടെന്ന് പറഞ്ഞാണ് ജോസ് നേരത്തെ മത്സരിച്ചത്. ഇത്തവണയും രാജ്യസഭ സിറ്റ് രാജിവെച്ച് മത്സരിക്കുമോയെന്ന് മാണി സി കാപ്പൻ ചോദിച്ചു. അതും രാജിവെച്ചിട്ട് വന്നാൽ ജനം എന്ത് മറുപടി പറയുമെന്ന് ആലോചിക്കട്ടെയെന്ന് മാണി സി കാപ്പൻ പറഞ്ഞു.