Headlines

‘വെനസ്വേലയ്‌ക്കെതിരായ യുഎസ് ആക്രമണം ഉടൻ അവസാനിപ്പിക്കണം’; സിപിഐഎം

വെനസ്വേലയ്‌ക്കെതിരായ യുഎസ് ആക്രമണത്തെ അപലപിച്ച് സിപിഐ (എം) പോളിറ്റ് ബ്യുറോ. യുഎസ് ദേശീയ സുരക്ഷാ തന്ത്രം 2025 -ന്റെ യഥാർത്ഥ മുഖമാണിത്. യുഎസ് ആക്രമണം ഉടനടി അവസാനിപ്പിക്കണമെന്നും കരീബിയൻ കടലിൽ നിന്ന് എല്ലാ സൈനികരെയും പിൻവലിക്കണമെന്നും സിപിഐ (എം) ആവശ്യപ്പെട്ടു. ലാറ്റിൻ അമേരിക്കയെ സമാധാന മേഖലയായി പ്രഖ്യാപിക്കണം. പരമാധികാര രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ യുഎസിനെ അനുവദിക്കരുത്. യുഎസിന്റെ ആക്രമണത്തെ അപലപിച്ചുകൊണ്ട് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം പാസാക്കണം. വെനിസ്വേലയ്‌ക്കെതിരായ ആക്രമണം ഉടൻ അവസാനിപ്പിക്കാൻ യുഎസിന്മേൽ അന്താരാഷ്ട്ര സമ്മർദ്ദം ഉണ്ടാകണമെന്നും സിപിഐ (എം) ആവശ്യപ്പെട്ടു.അതിനിടെ വ്യോമാക്രമണത്തിന് പിന്നാലെ വെനസ്വലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയേയും ഭാര്യയേയും ബന്ദിയാക്കി അമേരിക്ക. ഇരുവരെയും രാജ്യത്തിന് പുറത്തേയ്ക്ക് കൊണ്ടുപോയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്ഥിരീകരിച്ചു. തലസ്ഥാനം കാരക്കാസ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ അമേരിക്ക വ്യോമാക്രമണം നടത്തിയിരുന്നു.

ഇന്ത്യൻ സമയം രാത്രി 9.30യ്ക്ക് നടക്കുന്ന പത്രസമ്മേളനത്തിൽ കൂടുതൽ വിവരങ്ങൽ അറിയിക്കുമെന്ന് ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. വെനസ്വേലൻ വിമാനത്താവളങ്ങളിലും അമേരിക്കൻ ആക്രമണമുണ്ടായി. ഈഗ്‌റോട്ട് വിമാനത്താവളത്തിൽ വമ്പൻ സ്‌ഫോടനങ്ങൾ നടന്നു.

കാരക്കാസിലും മിറാണ്ടയിലും അര്വാഗയിലും ലാ ഗ്വെയ്‌റയിലും അമേരിക്ക ആക്രമണം നടത്തിയതായി വെനസ്വേല വ്യക്തമാക്കി. ആക്രമണത്തെ തുടർന്ന് വെനസ്വേലയിൽ പ്രസിഡന്റ് നിക്കോളാസ് മഡൂറോ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രാദേശികസമയം ഇന്നു പുലർച്ചെ പ്രാദേശികസമയം 1.50-നാണ് അമേരിക്ക വെനസ്വേലൻ തലസ്ഥാനമായ കാരക്കാസിൽ ആക്രമണം ആരംഭിച്ചത്.

ഏഴ് സ്‌ഫോടനങ്ങളുടെ ശബ്ദവും താഴ്ന്ന പറക്കുന്ന വിമാനങ്ങളുടെ ശബ്ദവും കേട്ടതായി വാർത്താഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. നഗരത്തിന്റെ തെക്കൻ പ്രദേശത്ത് ഒരു പ്രധാന സൈനിക താവളത്തിനടുത്ത് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടുവെന്നും റിപ്പോർട്ടുകൾ. അമേരിക്ക നടത്തിയത് ഗുരുതരമായ സൈനിക ആക്രമണമെന്ന് വെനസ്വേലൻ സർക്കാർ വ്യക്തമാക്കി. യു എൻ രക്ഷാസമിതിയിലും യു എൻ സെക്രട്ടറി ജനറലിനും മറ്റ് അന്താരാഷ്ട്ര സ്ഥാപനങ്ങൾക്കും വെനസ്വേല പരാതി നൽകുമെന്ന് സർക്കാർ.