സ്മാർട്ട് സിറ്റി ബസ് വിവാദം; ‘KSRTC കരാർ വ്യവസ്ഥകൾ പാലിക്കണം’; നിലപാടിലുറച്ച് തിരുവനന്തപുരം കോർപ്പറേഷൻ

സ്മാർട്ട് സിറ്റി ഇലക്ട്രിക് ബസ് വിവാദത്തിൽ, കരാർ വ്യവസ്ഥകൾ കെഎസ്ആർടിസി പാലിക്കണം എന്ന നിലപാടിലുറച്ച് തിരുവനന്തപുരം കോർപറേഷൻ. വിഷയത്തിൽ മുഖ്യമന്ത്രിക്ക് കത്ത് നൽകാനാണ് കോർപ്പറേഷൻ തീരുമാനം. മുൻ ഭരണസമിതിയുടെ കാലത്ത് ഇതേ ആവശ്യം ഉന്നയിച്ച് തദ്ദേശ മന്ത്രി എം ബി രാജേഷിന് കോർപ്പറേഷൻ കത്ത് നൽകിയിരുന്നെങ്കിലും തുടർനടപടി ഉണ്ടായിരുന്നില്ല.സ്മാർട് സിറ്റി ഫണ്ട് ഉപയോഗിച്ചു വാങ്ങിയ 113 ബസുകളും 24 മണിക്കൂറിനകം തിരികെ നൽകാമെന്നും കെഎസ്ആർടിസി ഡിപ്പോകളിൽ ബസുകൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ലെന്നും മന്ത്രി കെ.ബി.ഗണേഷ് കുമാർ പറഞ്ഞിരുന്നു. എന്നാൽ ബസുകൾ തിരികെ എടുക്കാൻ ആലോചനയില്ലെന്നായിരുന്നു കോർപ്പറേഷൻ‌ മേയർ വിവി രാജേഷിന്റെ പ്രതികരണം. കരാർ ലംഘിച്ചത് അടുത്ത കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്യുമെന്നും മേയർ വ്യക്തമാക്കിയിരുന്നു.