Headlines

ഉന്നാവോ ലൈംഗിക പീഡനക്കേസ്; ‘കുറ്റവാളിക്ക് കടുത്ത ശിക്ഷ ലഭിക്കണം’; പ്രതിയുടെ ശിക്ഷ മരവിപ്പിച്ച വിധിയ്ക്കെതിരെ അതിജീവിത

ഉത്തർപ്രദേശിലെ ഉന്നാവിലെ ലൈംഗിക പീഡനക്കേസിൽ പ്രതിയായ മുൻ എംഎൽഎ കുൽദീപ് സെൻഗാറിന്റെ ശിക്ഷ മരവിപ്പിച്ച വിധിയ്ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് അതിജീവിത. കുറ്റവാളിക്ക് കടുത്ത ശിക്ഷ ലഭിക്കണം. രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും കാണാൻ ആഗ്രഹിക്കുന്നെന്നും അതിജീവിത ട്വന്റിഫോറിനോട് പറഞ്ഞു.

തൻ്റെ പിതാവിനെ കൊലപ്പെടുത്തി ‌തന്നെ ബലാത്സംഗം ചെയ്തുവെന്നും അതിജീവിത പറഞ്ഞു. ഹൈക്കോടതി വിധി രാജ്യത്തെ പെൺകുട്ടികളെ ഭയപ്പെടുത്തുന്നത്. തങ്ങൾക്ക് നീതി വേണമെന്ന് അതിജീവിതയുടെ മാതാവ് ട്വന്റിഫോറിനോട് പറഞ്ഞു. തങ്ങൾ ജീവൻ വച്ചാണ് പോരാട്ടം നടത്തുന്നത്. ഭർത്താവിനെ നഷ്ടപ്പെട്ടു. താൻ എന്റെ മകൾക്കൊപ്പം നീതിക്കുവേണ്ടി തെരുവിൽ അലയുകയാണ്. സുപ്രീംകോടതിയിൽ നിന്ന് നീതി നൽകണം. കോടതിയിൽ വിശ്വാസമുണ്ട്. ഭർത്താവിനെ കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചാണ് കൊലപ്പെടുത്തിയതെന്ന് മാതാവ് പറഞ്ഞു.

Read Also: ‘ഉനാവോ കേസിൽ പ്രതിക്ക് ജാമ്യം ലഭിച്ചത് നിരാശാജനകം; ഇത് എന്ത് തരം നീതി?’ രാഹുൽ ഗാന്ധി

രാഹുൽ ഗാന്ധി ഒപ്പമുണ്ടാകുമെന്ന് അറിയിച്ചു. ഏതുവരെ പോരാട്ടം കൊണ്ടുപോയാലും തങ്ങൾ ഒപ്പമുണ്ടാകുമെന്ന് രാഹുൽഗാന്ധി പറഞ്ഞുവെന്ന് അതിജീവിതയുടെ മാതാവ് പറഞ്ഞു. കുൽദീപ് സിങ് സേംഗറിന്റെ ജീവപര്യന്തം തടവുശിക്ഷ സസ്പെൻഡ്ചെയ്തുകൊണ്ട് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. 15 ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടിന്റെയും തത്തുല്യമായ മൂന്ന് ആൾജാമ്യത്തിന്റെയും അടിസ്ഥാനത്തിലാണ് ജാമ്യം അനുവ​​ദിച്ചത്.