Headlines

ബഹിരാകാശത്തെ മൊബൈല്‍ ടവര്‍! സമുദ്രത്തിന് നടുക്കും മരുഭൂമിയിലും പോലും ഇനി നെറ്റ് കിട്ടുമോ? ബ്ലൂബേഡ് ബ്ലോക്ക് ടു ഉപഗ്രഹം ലക്ഷ്യമിടുന്നതെന്ത്?

അമേരിക്കന്‍ കമ്പനിയായ എ എസ് ടി സ്പേസ് മൊബൈലിന്റെ ഭീമന്‍ ഉപഗ്രഹമായ ബ്ലൂബേഡ് ബ്ലോക്ക് ടു ഉപഗ്രഹം ഈ മാസം ഡിസംബര്‍ 24-ന് വിക്ഷേപിക്കും. ഐഎസ്ആര്‍ഒ ഇതുവരെ വിക്ഷേപിച്ചിട്ടുള്ള ഏറ്റവും ഭാരമേറിയ വിദേശ ഉപഗ്രഹങ്ങളില്‍ ഒന്നാണ് ബ്ലൂബേഡ് ബ്ലോക്ക്-ടു. എല്‍ എം വി-ത്രീ-യില്‍ ഐ എസ് ആര്‍ ഒ നടത്തുന്ന ഒമ്പതാമത്തെ വിക്ഷേപണമാണിത്. ലോകത്തെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തെ തന്നെ മാറ്റിമറിക്കാന്‍ പോകുന്ന ഒരു ഉപഗ്രഹമാണത്. എന്താണ് ബ്ലൂബേഡ് ബ്ലോക്ക് ടു? എങ്ങനെയാണത് മൊബൈല്‍ ഉപയോഗം മാറ്റിമറിക്കാന്‍ പോകുന്നത്?

ലോകത്തെവിടെയും നേരിട്ട് സ്മാര്‍ട്ട്ഫോണുകളിലേക്ക് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് എത്തിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് അമേരിക്കന്‍ കമ്പനിയായ എ എസ് ടി സ്പേസ് മൊബൈല്‍ വികസിപ്പിച്ചെടുത്ത ബ്ലൂബേഡ് ബ്ലോക്ക് ടു ഉപഗ്രഹം. സാധാരണ ഉപഗ്രഹങ്ങളില്‍ നിന്നും വ്യത്യസ്തമാണ് ബ്ലൂബേര്‍ഡ് ബ്ലോക്ക്-2. ബഹിരാകാശത്ത് സ്ഥാപിച്ചിട്ടുള്ള ഒരു മൊബൈല്‍ ടവര്‍ പോലെയാണ് ഇവ പ്രവര്‍ത്തിക്കുക. പ്രത്യേക സാറ്റലൈറ്റ് ഫോണുകളോ വലിയ ഡിഷ് ആന്റിനകളോ ഇല്ലാതെ തന്നെ ഉപഭോക്താവിന്റെ കൈവശമുള്ള സാധാരണ 4ജി, 5ജി സ്മാര്‍ട്ട്ഫോണുകളില്‍ നേരിട്ട് ഇന്റര്‍നെറ്റും വോയിസ് കോളുകളും ലഭ്യമാക്കാന്‍ ഈ സാങ്കേതികവിദ്യയ്ക്കാകും. ലോകത്തെ മൊബൈല്‍ കവറേജ് ഇല്ലാത്ത സ്ഥലങ്ങളില്‍ മൊബൈല്‍ കവറേജ് ലഭ്യമാക്കുകയാണ് ലക്ഷ്യം.

സമുദ്രങ്ങളിലും മരുഭൂമികളിലും വിദൂര വനമേഖലകളിലും തടസ്സമില്ലാത്ത കണക്റ്റിവിറ്റി ഇതുവഴി സാധ്യമാകും. ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ വിക്ഷേപിക്കുന്ന ഏറ്റവും വലിയ വാണിജ്യ കമ്യൂണിക്കേഷന്‍ ഉപഗ്രഹമാണിത്.
6,500 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തിന്റെ ആന്റിനയ്ക്ക് മാത്രം 2,400 ചതുരശ്ര അടി വിസ്തീര്‍ണ്ണമുണ്ട്. ഇത്തരത്തിലുള്ള ഓരോ ഉപഗ്രഹത്തിനും സെക്കന്‍ഡില്‍ 120 എം ബി പി എസ് വരെ വേഗതയിലുള്ള ഇന്റര്‍നെറ്റ് ലഭ്യമാക്കാനാകും. നിലവില്‍ സ്റ്റാര്‍ലിങ്ക് പോലുള്ള ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉപയോഗിക്കാന്‍ പ്രത്യേക റിസീവറുകള്‍ ആവശ്യമാണ്. എന്നാല്‍ ബ്ലൂബേര്‍ഡ് ബ്ലോക്ക്-2 സാങ്കേതികവിദ്യ വരുന്നതോടെ ഫോണിലെ സിം കാര്‍ഡ് ഉപയോഗിച്ച് തന്നെ ബഹിരാകാശത്ത് നിന്നുള്ള ഇന്റര്‍നെറ്റ് നേരിട്ട് ലഭ്യമാകും.