ശബരിമല സ്വര്‍ണക്കൊള്ള: രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി

ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടര്‍ന്നാണ് മാറ്റം. നിര്‍ണ്ണായക വിവരം കൈമാറാനുണ്ടെന്ന് വ്യക്തമാക്കി ചെന്നിത്തലയാണ് എസ്‌ഐടിയെ സമീപിച്ചത്.
ഒരു വ്യവസായിയാണ് വിവരങ്ങള്‍ പങ്ക് വച്ചതെന്നു രമേശ് ചെന്നിത്തല പ്രതികരിച്ചു.

അന്താരാഷ്ട്ര കള്ളക്കടത്ത് സംഘവുമായി ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് ബന്ധമുണ്ടെന്ന രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു മൊഴിയെടുക്കാനുള്ള നീക്കം. വിഷയവുമായി ബന്ധപ്പെട്ട് മൊഴി നല്‍കാന്‍ തയ്യാറാണെന്ന് ചെന്നിത്തലയാണ് എസ്‌ഐടിയെ അറിയിച്ചത്. ഈഞ്ചക്കലിലെ ക്രൈബ്രാഞ്ച് ഓഫീസില്‍ ഇന്ന് മൊഴിയെടുപ്പ് നിശ്ചയിച്ചെങ്കിലും ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടര്‍ന്ന് മാറ്റുകയായിരുന്നു.
സ്വര്‍ണ്ണം അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ അമൂല്യ വസ്തുവായി വിറ്റു എന്ന് വ്യവസായി തന്നോട് പറഞ്ഞെന്നും,രഹസ്യമൊഴി നല്‍കാന്‍ വ്യവസായി തയ്യാറാണെന്നും രമേശ് ചെന്നിത്തല ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു.

സ്വര്‍ണപ്പാളിയുമായി ബന്ധപ്പെട്ട് 500 കോടിയുടെ ഇടപാടാണ് അന്താരാഷ്ട്ര കരിച്ചന്തയില്‍ നടന്നതെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം. അതേസമയം, ശബരിമല സ്വര്‍ണകൊള്ള കേസില്‍ ഇഡി അപേക്ഷ പരിഗണിക്കുന്നത് 17 ലേക്ക് മാറ്റി. രേഖാമൂലം മറുപടി നല്‍കാന്‍ എസ്‌ഐടി കൂടുതല്‍ സമയം തേടിയിട്ടുണ്ട്. രേഖകള്‍ ഇഡിയ്ക്ക് കൈമാറുന്നതില്‍ എസ്‌ഐടി നേരത്തെ എതിര്‍പ്പ് അറിയിച്ചിരുന്നു.