Headlines

കേരളത്തിലെ എസ്‌ഐആര്‍: സമയപരിധി രണ്ടുദിവസത്തേക്ക് കൂടി നീട്ടി നല്‍കി സുപ്രീംകോടതി

കേരളത്തിലെ എസ്‌ഐആര്‍ സമയപരിധി രണ്ടുദിവസത്തേകൂടി നീട്ടി നല്‍കി സുപ്രീംകോടതി. ഇതോടെ എന്യുമറേഷന്‍ ഫോം സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 20 ആകും. എസ്‌ഐആര്‍ നടപടികളുടെ സമയം കൂടുതല്‍ നീട്ടി നല്‍കണമെന്ന സംസ്ഥാന സര്‍ക്കാര്‍ ആവശ്യം ഈമാസം 18 ന് പരിഗണിക്കാമെന്ന് സുപ്രിംകോടതി വ്യക്തമാക്കി. മുന്‍കൂറായി സമയം നീട്ടി നല്‍കാന്‍ ആകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

കേരളത്തിലെ എസ്‌ഐആറിനെതിരായ ഹര്‍ജികള്‍ പരിഗണിച്ചപ്പോള്‍ 20 ലക്ഷം ഫോമുകള്‍ ഇനിയും തിരിച്ചു കൊടുക്കാനുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതിനായി രണ്ടാഴ്ച കൂടി സമയം നീട്ടി നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ എതിര്‍ത്തു. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതി എനുമറേഷന്‍ ഫോം സമര്‍പ്പിക്കാനുള്ള അവസാന ദിവസം രണ്ടുദിവസം കൂടി നീട്ടി നല്‍കിയത്. ഈ മാസം 18ന് കേസ് വീണ്ടും പരിഗണിക്കാം എന്നും അന്ന് സമയം നീട്ടി നല്‍കണോ എന്ന ആവശ്യത്തില്‍ തീരുമാനമെടുക്കാമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അറിയിച്ചു.

അതിനിടെ, കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ പ്രക്രിയയില്‍ കണ്ടെത്താന്‍ കഴിയാത്ത വോട്ടര്‍മാര്‍ 22 ലക്ഷത്തിലേറെയെന്നും ഈ പട്ടിക സംബന്ധിച്ച് കൂടുതല്‍ പരിശോധന നടത്തുമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ രത്തന്‍ ഖേല്‍ക്കര്‍ അറിയിച്ചു. ലിസ്റ്റില്‍ പെടാത്തവര്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പിന്റെ നോമിനേഷന് തൊട്ടുമുമ്പ് വരെ പേര് ചേര്‍ക്കാം എന്നും രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു.