ശബരിമലയില്‍ വീണ്ടും ഭക്തജന തിരക്കേറി. ഇന്ന് വൈകിട്ട് 4 മണി വരെ വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനം നടത്തിയത് 62503 പേര്‍. ദിവസങ്ങള്‍ക്ക് ശേഷം ദര്‍ശനം നടത്തിയവരുടെ എണ്ണം ഇന്നലെ ഒരു ലക്ഷം പിന്നിട്ടിരുന്നു. വരും മണിക്കൂറുകളിലും തിരക്ക് കൂടും. അവധിദിവസമായ നാളെയും തിരക്ക് വര്‍ധിക്കാനാണ് സാധ്യത. പുല്ലുമേടു വഴിഎത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണവും വര്‍ധിച്ചു.
ഇന്നലെ മാത്രം 3600 പേര്‍ ഇതുവഴി സന്നിധാനത്തെത്തി. സ്‌പോട് ബുക്കിംഗ് 5000ത്തില്‍ നിന്നും 10000മായി വര്‍ധിപ്പിച്ചിട്ടുണ്ട്. ബാബറി മസ്ജിദ് ദിനത്തോടനുബന്ധിച്ച് ഇന്ന് ശബരിമലയിലും പമ്പയിലും നിലയ്ക്കലും അധിക സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ബോംബ് സ്‌കോഡടക്കം സന്നിധാനത്ത് പരിശോധന ശക്തമാക്കി. സംശയാസ്പദമായി കാണപ്പെടുന്നവരെ വിശദമായ പരിശോധനയ്ക്കു ശേഷമാണ് മല ചവിട്ടാന്‍ അനുവദിക്കുന്നത്.
ട്രാക്ടറുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജീവനക്കാരുടെ ബാരക്കുകളില്‍ അടക്കം പരിശോധന തുടരുകയാണ്. അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡുകളും രേഖകളും ഇല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.







