രാഹുൽ മാങ്കൂട്ടത്തിനെതിരായ പരാതിയിലെ അതിജീവിതയെ അപമാനിച്ച കേസിൽ രാഹുൽ ഈശ്വരിന്റെ ജാമ്യാപേക്ഷയിൽ ഇന്നത്തെ വാദം പൂർത്തിയായി. തുടർവാദം നാളെ കേൾക്കും. നാളെ കേസ് വീണ്ടും പരിഗണിക്കും. യൂട്യൂബ് വീഡിയോയിലൂടെ എഫ്ഐആർ വായിക്കുക മാത്രമാണ് ചെയ്തതെന്ന് രാഹുലിൻ്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
സ്ത്രീകൾക്കെതിരെയുള്ള കേസുകളുടെ എഫ് .ഐ .ആർ എങ്ങനെ പബ്ലിക് ഡോക്യുമെൻ്റാകുമെന്ന് കോടതി ചോദിച്ചു. എഫ്ഐആർ വായിച്ചതിൽ അതിജീവിതയെ മോശപ്പെടുത്തുന്ന ഒരു കാര്യങ്ങളും പറഞ്ഞിട്ടില്ലെന്ന് രാഹുലിന്റെ അഭിഭാഷകൻ മറുപടി നൽകി.
അതിജീവിതയെ അപമാനിക്കുന്ന വീഡിയോകൾ ഉണ്ടെങ്കിൽ പിൻവലിക്കാൻ തയ്യാർ. അതിജീവിതയെ അപമാനിക്കണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നുവെന്നും അഭിഭാഷകൻ വ്യക്തമാക്കി. എന്നാൽ ജാമ്യ ഹർജി നിലനിൽക്കുന്നതല്ലെന്ന് പ്രോസിക്യൂഷൻ പറഞ്ഞു.
ജില്ലാ കോടതിയിൽ ഒരു ഹർജി നിൽക്കേ കീഴ്കോടതിയിൽ ജാമ്യ ഹർജി എങ്ങനെ ഫയൽ ചെയ്യാൻ കഴിയും. ഹൈക്കോടതി ഉത്തരവുകൾ തന്നെ ലംഘിക്കുന്ന രീതിയാണ് പ്രതിഭാഗം ഇവിടെ നടത്തിയത്. ജില്ലാ കോടതിയിലെ ഹർജി പിൻവലിക്കാനുള്ള ഹർജി സമർപ്പിച്ച ശേഷമാണ് ഇവിടെ ഫയൽ ചെയ്തതെന്ന് പ്രതിഭാഗം മറുപടി നൽകി. അത്തരം കാര്യങ്ങൾ രേഖയിൽ കാണുന്നില്ലെന്ന് പ്രോസിക്യൂഷൻ മറുപടി നൽകി.








