തിരഞ്ഞെടുപ്പ് കഴിയും വരെ കടകംപള്ളി സുരേന്ദ്രന്റെ ചോദ്യം ചെയ്യല്‍ വൈകിപ്പിക്കാന്‍ എസ്‌ഐടിക്ക് മേല്‍ സമ്മര്‍ദമുണ്ട്: പ്രതിപക്ഷ നേതാവ്

ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് കടകംപള്ളി സുരേന്ദ്രന്റെ ചോദ്യം ചെയ്യല്‍ വൈകിപ്പിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് മേല്‍ സമ്മര്‍ദമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തിരഞ്ഞെടുപ്പ് കഴിയും വരെ ചോദ്യം ചെയ്യല്‍ വൈകിപ്പിക്കുമെന്ന് വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇപ്പോള്‍ അറസ്റ്റിലായവര്‍ കൂടാതെ ഒരുപാട് പ്രധാനപ്പെട്ട ആളുകളെക്കുറിച്ച് അന്വേഷണം നടക്കണമെന്ന് കോടതി പറഞ്ഞിട്ടുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പിന്നില്‍ വന്‍ തോക്കുകളെന്ന് കോടതി പറഞ്ഞു. ഇത് ആരൊക്കെയെന്ന് അറിയണമെന്നും വി ഡി സതീശന്‍ പറഞ്ഞു.

താന്‍ മുന്‍പ് സൂചിപ്പിച്ചതുപോലെ സിപിഐഎം നേതാക്കളുടെ ജയിലിലേക്കുള്ള ഘോഷയാത്ര ആരംഭിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അയ്യപ്പന്റെ സ്വര്‍ണം കട്ടവരെന്ന് കണ്ടെത്തിയവര്‍ക്കെതിരെ നടപടിയെടുക്കില്ല എന്ന വാശിയാണ് സിപിഐഎമ്മിന്. കേസില്‍ ഇപ്പോഴും ജയിലില്‍ കിടക്കുന്ന, കോടതി ജാമ്യം തള്ളിയ പ്രതികളെം സംരക്ഷിക്കുകയാണ് സിപിഐഎം. ജയിലിലായ ആളുകളെ ഭയക്കുന്ന പാര്‍ട്ടിയായി സിപിഐഎം മാറി. അവര്‍ കൂടുതല്‍ പേരുകള്‍ പറയുമോ എന്നതാണ് സിപിഐഎമ്മിന്റെ ഭയമെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ മാങ്കൂട്ടത്തില്‍ കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കും വി ഡി സതീശന്‍ മറുപടി പറഞ്ഞു. രാഹുലിനെതിരെ യഥാസമയം കോണ്‍ഗ്രസ് നടപടിയെടുത്തിട്ടുണ്ടെന്നും മുകേഷ് എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി അംഗമാണ് അതില്‍ നിന്ന് പുറത്താക്കിയോ എന്നും വി ഡി സതീശന്‍ ചോദിച്ചു. എകെജി സെന്ററില്‍ പൊടിപിടിച്ച് കിടക്കുന്ന പരാതികളിലും ഇനിയെങ്കിലും നടപടി വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.