കേരളത്തിലെ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം; ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും

കേരളത്തിലെ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന് എതിരായ ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. എസ്‌ഐആര്‍ നടപടികള്‍ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം.

കേസില്‍ സംസ്ഥാന സര്‍ക്കാരിനെ വെട്ടിലാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി നല്‍കിയിരുന്നു. എസ്‌ഐആര്‍ നടപടികള്‍ തദ്ദേശ തിരഞ്ഞെടുപ്പിനെ തടസപ്പെടുത്തുന്നില്ല എന്നാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം. സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പും എസ്‌ഐആറും ഒന്നിച്ച് മുന്നോട്ട് പോകുമെന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ സത്യവാങ്മൂലം. ബിഎല്‍ഒമാരുടെ മരണം ജോലിഭാരം കൊണ്ടല്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി കോടതിയില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കും. സര്‍ക്കാരിന് പുറമേ കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, സിപിഐഎം, സിപിഐ, ചാണ്ടി ഉമ്മന്‍ തുടങ്ങിയവരാണ് കേരളത്തിലെ എസ്‌ഐആറിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്.