Headlines

വീട്ടില്‍ നിന്ന് നമ്മുടെ അച്ഛനും സഹോദരനുമെല്ലാം ജയിലിലേക്കുള്ളത് ഒരു വ്യാജ പരാതിയുടെ ദൂരം മാത്രം; ന്യായീകരിച്ച് രാഹുല്‍ ഈശ്വര്‍

തനിക്കെതിരെ വന്നത് വ്യാജ പരാതിയാണെന്നും ലൈംഗിക അധിക്ഷേപം നേരിട്ടെന്ന് പറയുന്ന യുവതിയുടെ ചിത്രങ്ങള്‍ താന്‍ പങ്കുവച്ചില്ലെന്നും രാഹുല്‍ ഈശ്വര്‍. പൊലീസ് അറസ്റ്റ് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുവതിയുടെ ഫോട്ടോ താന്‍ പരസ്യപ്പെടുത്തി എന്നത് കള്ളമാണെന്നും തന്നെ കുടുക്കാനാണ് ശ്രമം നടക്കുന്നതെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇവിടെ പുരുഷ കമ്മീഷന്‍ വേണ്ടതിന്റെ ആവശ്യകതയാണ് തനിക്കെതിരായ കേസിലും തെളിയുന്നതെന്നാണ് രാഹുല്‍ ഈശ്വറിന്റെ ന്യായീകരണം. വ്യാജ പരാതിയാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. ഇവിടുത്തെ പുരുഷന്മാര്‍ക്ക്, നമ്മുടെ വീട്ടിലുള്ള അച്ഛനും സഹോദരനുമെല്ലാം ജയിലിലേക്കുള്ളത് ഒരു വ്യാജ പരാതിയുടെ ദൂരം മാത്രമാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസില്‍ അതിജീവിതയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയ കേസിലാണ് സൈബര്‍ പൊലീസ് രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. നന്ദാവനം എആര്‍ ക്യാമ്പിലെ ചോദ്യം ചെയ്യലിന് ശേഷം രാഹുല്‍ ഈശ്വറിനെ തൈക്കാട് സൈബര്‍ സ്റ്റേഷനിലേക്ക് മാറ്റി. കേസില്‍ കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍ നാലാം പ്രതിയാണ്. മഹിളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ല സെക്രട്ടറി രഞ്ജിത പുളിക്കലിനെ രണ്ട് കേസുകളില്‍ പ്രതിചേര്‍ത്തു.

ഇന്നലെ വൈകുന്നേരത്തോടെയാണ് രാഹുല്‍ ഈശ്വറെ പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. പിന്നീട് എആര്‍ ക്യാമ്പില്‍ വെച്ച് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. രാഹുല്‍ ഈശ്വര്‍ ഉള്‍പ്പെടെ നാല് പേരുടെ യുആര്‍എല്‍ ഐഡികളാണ് പരാതിക്കാരി സമര്‍പ്പിച്ചത്. ഇത് പരിശോധിച്ചതിന് ശേഷമാണ് പൊലീസ് തുടര്‍നടപടികളിലേക്ക് കടന്നത്. കോണ്‍ഗ്രസ് നേതാവായ സന്ദീപ് വാര്യരുടേയും രണ്ടു വനിതകളുടേയും അടക്കം യുആര്‍എല്‍ ഉള്‍പ്പെടെ നല്‍കിയ പരാതിയിലാണ് പൊലീസിന്റെ നിര്‍ണായക നീക്കം.