പൈവളിഗെ പഞ്ചായത്തിലെ ബായാര്‍ വില്ലേജിലെ പാതക്കല്‍ എന്നുപറഞ്ഞ സ്ഥലത്തുനിന്നാണ് വ്യാപകമായി മണല്‍ കടത്തുന്നത്. പ്രദേശത്തെ ഏക്കര്‍ കണക്കിന് ഭൂമി തുരന്നെടുത്ത നിലയിലാണുള്ളത്. കോടിക്കണക്കിന് രൂപ വിലവരുന്ന ലാറ്ററൈറ്റ് മണ്ണാണ് ഇവിടെ നിന്ന് കടത്തുന്നത്. കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിലേക്കാണ് മണ്ണ് കടത്തുന്നത്. വലിയ ലോറികളിലായി അര്‍ധരാത്രിയിലാണ് പ്രദേശത്തുനിന്ന് മണ്ണ് കൊണ്ടുപോകുന്നത്.
കേരളത്തില്‍ നിന്ന് അയല്‍ സംസ്ഥാനങ്ങളിലേക്ക് അനധികൃത മണല്‍ക്കടത്ത്. കേരള-കര്‍ണാടക അതിര്‍ത്തിയായ കാസര്‍ഗോഡ് പൈവളിഗെ പഞ്ചായത്തില്‍ നിന്ന് മണല്‍ മാഫിയ കടത്തുന്നത് കോടിക്കണക്കിന് രൂപയുടെ ലാറ്ററൈറ്റ് മണ്ണാണ്. വില്ലേജ് ഓഫിസില്‍ നിന്നും സ്‌പോട്ട് മെമ്മോ നല്‍കിയിട്ടും മണല്‍ മാഫിയയുടെ പ്രവര്‍ത്തനങ്ങള്‍ യഥേഷ്ടം തുടരുകയാണ്.
2023ല്‍ ഈ ഭൂമി അളന്ന് തിട്ടപ്പെടുത്തണമെന്നും കേരളത്തിന്റെ ഭൂമി എത്രയെന്ന് നിശ്ചയിക്കണമെന്നും അഭ്യര്‍ത്ഥിച്ച് ബായാര്‍ വില്ലേജ് ഓഫിസര്‍ തഹസീല്‍ദാര്‍ക്ക് റിപ്പോര്‍ട്ട് കൈമാറിയിരുന്നു. എന്നാല്‍ നാളിതുവരെയായിട്ടും ഇതില്‍ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. അതിര്‍ത്തി ഗ്രാമമായ ഈ പ്രദേശത്തില്‍ കേരളത്തിന്റെ ഭാഗമായ ഭൂമിയില്‍ നിന്നാണ് അനധികൃതമായി മണ്ണെടുക്കുന്നതെന്നാണ് ഉയരുന്ന ഒരു ആരോപണം. ഇത് സ്വകാര്യ വ്യക്തികളുടെ ഭൂമിയാണെന്ന് പറയുന്നുണ്ടെങ്കിലും എത്ര മണ്ണാണ് ദിവസവും കൊണ്ടുപോകുന്നതെന്നോ എത്ര മാത്രം മണ്ണ് നഷ്ടപ്പെട്ടുവെന്നോ ഒരു വ്യക്തതയും ആര്‍ക്കുമില്ല.






