ഡൽഹി ചെങ്കോട്ട സ്ഫോടനക്കേസിലെ മുഖ്യപ്രതി ഡോ ഉമർ നബി ബോംബ് നിർമ്മാണ സാമഗ്രികൾ എപ്പോഴും കൂടെ കൊണ്ട് നടന്നിരുന്നതായി എൻഐഎയ്ക്ക് മൊഴി ലഭിച്ചു. ഐ 20 കാറിൽ എപ്പോഴും ഒരു സ്യൂട്ട്കേസ് കൊണ്ട് നടന്നിരുന്നു അതിൽ പാതി നിർമ്മാണം പൂർത്തിയാക്കിയ ബോംബ് എപ്പോഴും സൂക്ഷിച്ചിരുന്നു. ബോംബ് നിർമ്മാണത്തിനായി നെയിൽ പോളിഷ് റിമൂവർ,പൊടിച്ച പഞ്ചസാര എന്നിവ ഉപയോഗിച്ചതായും സൂചനയുണ്ട്. കശ്മീരിൽ വൻ ആക്രമണപദ്ധതി സംഘം തയ്യാറാക്കിയിരുന്നുവെന്നും എൻഐഎയ്ക്ക് വിവരം ലഭിച്ചു.
വൈറ്റ് കോളർ സംഘത്തിന്റെ അമീർ ആണ് താനെന്ന് ഉമർ ഉൻ നബി സ്വയം വിശേഷിപ്പിച്ചിരുന്നത്. ഹരിയാനയിൽ നിന്ന് ഇവർ ശേഖരിച്ച സ്ഫോടക വസ്തുക്കൾ കാശ്മീരിലേക്ക് കടത്താൻ പദ്ധതി ഇട്ടിരുന്നുവെങ്കിലും അത് സാധ്യമായില്ലെന്നും മൊഴിയിൽ പറയുന്നു.
ഭീകരൻ ബുർഹാൻ വാനിയുടെ വധത്തിനു പ്രതികാരം ചെയ്യാനായിരുന്നുഗൂഢപദ്ധതി. ജെയ്ഷെ ഭീകരരുടെ നിർദേശപ്രകാരമായിരുന്നു ഇയാൾ ഡൽഹിയിൽ സ്ഫോടനം നടത്തിയിരുന്നത്. അതേസമയം, ഡൽഹി ചാവേർ ആക്രമണത്തിന് പിന്നിൽ അഫ്‌ഘാനി സ്ഥാൻ- പാക് അധീന കശ്മീർ എന്നിവിടങളിൽകേന്ദ്രീകരിച്ച ജെയ്ഷെ ശൃംഖല എന്ന് കണ്ടെത്തിയിരുന്നു.
ആക്രമണത്തിന് നിർദേശം നൽകിയത് ഫൈസൽ ഇഷ്ഫാഖ് ഭട്ട്, ഡോ. ഉകാസ, ഹാഷിം എന്നിവരായിരുന്നു. ചാവേർ ആക്രമണത്തിന് മുൻപായി ഡോ ഉമർ നബി ആശയവിനിമയം നടത്തിയത് ഇവരുമായാണ് എന്നാണ് വിവരം. ഫർസന്ദൻ-ഇ-ദാറുൽ ഉലൂം ദിയോബന്ദ്”, “കാഫില-ഇ-ഗുർബ” എന്നീ ടെലഗ്രാം ഗ്രൂപ്പുകൾ വഴിയാണ് ഹിസ്ബുൾ ഭീകരർ വൈറ്റ് കോളർ സംഘവുമായി ആശയവിനിമയം നടത്തിയിരുന്നത്. ഭീകര ബന്ധം കണ്ടെത്തിയവരുടെ ബാങ്ക് അക്കൗണ്ടുകൾ എൻ ഐ എ മരവിപ്പിക്കുകയും ചെയ്തിരുന്നു.








