Headlines

ശബരിമല സ്വര്‍ണക്കൊള്ള ; തന്ത്രിമാരുടെ മൊഴി രേഖപ്പെടുത്തി എസ്‌ഐടി; ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയാമെന്ന് തന്ത്രിമാര്‍

ഉദ്യോഗസ്ഥര്‍ പറഞ്ഞ പ്രകാരമാണ് ശബരിമല സ്വര്‍ണപ്പാളിയില്‍ അറ്റകുറ്റപ്പണിക്കായി അനുമതി നല്‍കിയതെന്ന് തന്ത്രിമാര്‍. ദൈവഹിതം നോക്കി അനുമതി നല്‍കുക മാത്രമാണ് തന്ത്രിമാരുടെ ജോലിയെന്നും മൊഴി കൊടുത്തു. തിരുവനന്തപുരം ഇഞ്ചക്കലിലെ എസ്‌ഐടി ഓഫീസില്‍ നേരിട്ടെത്തിയാണ് തന്ത്രിമാരായ കണ്ഠരര് രാജീവരും, കണ്ഠരര് മോഹനരരും മൊഴി കൊടുത്തത്.

കഴിഞ്ഞ ദിവസമാണ് സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് തന്ത്രിമാരുടെ മൊഴി രേഖപ്പെടുത്തിയതെന്നാണ് വിവരം. ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയാമെന്ന് രണ്ട് പേരും മൊഴി കൊടുത്തു. പ്രാഥമികമായ മൊഴിയെടുപ്പാണ് നടന്നത്. പത്മകുമാറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് എസ്‌ഐടിക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തന്ത്രിമാരെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയത്.

അതേസമയം, ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനായി എസ്‌ഐടി സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും. സ്വര്‍ണ്ണക്കൊള്ളയില്‍ മുഖ്യസൂത്രധാരന്‍ പത്മകുമാറാണെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യല്‍ അനിവാര്യമാണെന്നുമാണ് എസ്‌ഐടിയുടെ വാദം. മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന്റെ ജാമ്യാപേക്ഷയിലും കോടതി ഇന്ന് വിധി പറയും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ് ജയശ്രീയുടെ മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.